കഞ്ഞിക്കുഴി പഞ്ചായത്തിലെ കൈതപ്പാറയിലുള്ള മുപ്പതോളം കുട്ടികൾ രാവിലെ തന്നെ വീട്ടിൽ നിന്നിറങ്ങും. കിലോമീറ്ററുകൾ നടന്ന് വേളൂർ വനമേഖലയിലെ പാറമുകളിലെത്തും. കാട്ടുമൃഗങ്ങളും മറ്റുമുള്ള ഇവിടെയിരുന്നാണ് ഇവരുടെ ഓൺലൈൻ പഠനം. കുട്ടികൾ 'റേഞ്ച് പാറയെന്ന് ' ഓമനപേരിട്ട് വിളിക്കുന്ന ഇവിടെ മാത്രമാണ് പ്രദേശത്ത് അൽപമെങ്കിലും റേഞ്ച് ഉള്ളത്. തൊടുപുഴ നഗരത്തിൽ നിന്ന് കഷ്ടിച്ച് 25 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലെ അവസ്ഥയാണിത്. വീട്ടിൽ സുഖമായിരുന്നുള്ള ഓൺലൈൻ പഠനം ഇടുക്കിയിലെ വലിയൊരു വിഭാഗം വിദ്യാർത്ഥികൾക്കും സ്വപ്നം മാത്രമാണ്. 'ഫസ്റ്റ് ബെൽ' രണ്ടാം ഘട്ടം ആരംഭിച്ചിട്ടും ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഇപ്പോഴും ഓഫ് ലൈനിലാണ്. അതിർത്തിയിലെ തമിഴ് ഭൂരിപക്ഷ മേഖലകളിലും ആദിവാസി ഊരുകളിലും എസ്റ്റേറ്റ് ലയങ്ങളിലും ഇനിയും ഓൺലൈൻ വിദ്യാഭ്യാസമെന്ന് കേൾക്കാത്ത കുട്ടികളുണ്ടെന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയില്ല. ഇവരുടെ പക്കൽ ലാപ്ടോപ്പോ സ്മാർട്ട് ഫോണോ എന്തിന് ടെലിവിഷൻ പോലുമില്ല. മൂന്ന് മാസത്തിലധികമായി സ്കൂളുകളിൽ പോകാത്തതിനാൽ പല കുട്ടികളും രക്ഷിതാക്കൾക്കൊപ്പം മറ്റു ജോലികളിൽ വ്യാപൃതരാണ്. ഇവരെ പഠന പ്രവർത്തനങ്ങളിലേക്ക് മടക്കി കൊണ്ടുവരുന്നതും ഏറെ ശ്രമകരമാണ്. ജൂൺ ഒന്നിന് ഓൺലൈൻ ക്ലാസുകൾ തുടങ്ങിയ ശേഷം ആദ്യം നടത്തിയ കണക്കെടുപ്പിൽ ജില്ലയിൽ അയ്യായിരത്തിലധികം കുട്ടികൾക്ക് പഠനസൗകര്യം ഒരുക്കേണ്ടതുണ്ടെന്നായിരുന്നു ഔദ്യോഗിക കണക്ക്. രണ്ടാംഘട്ട ഓൺലൈൻ ക്ലാസ് ആരംഭിച്ചപ്പോഴേക്കും എല്ലാവർക്കും ഓൺലൈൻ സൗകര്യം സജ്ജജമാക്കിയെന്ന് എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോ-ഓർഡിനേറ്റർ ഡി. ബിന്ദുമോൾ പറയുന്നു. എന്നാൽ ഇതിൽ നിന്ന് എത്രമാത്രം വ്യത്യസ്തമാണ് യാഥാർത്ഥ്യമെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന അദ്ധ്യാപകരോട് ചോദിച്ചാൽ മനസിലാകും. ടി.വിയില്ലാത്തതിനാൽ ഭൂരിഭാഗം കുട്ടികൾക്കും ഇപ്പോഴും ഓൺലൈൻ പഠനത്തിൽ പങ്കെടുക്കാനാകുന്നില്ലെന്ന് മറയൂർ ഏകാദ്ധ്യാപക വിദ്യാലയത്തിലെ അദ്ധ്യാപിക ദീപ്തി മോൾ കേരളകൗമുദിയോട് പറഞ്ഞു. 28 വിദ്യാർത്ഥികളുള്ള ഈ വിദ്യാലയത്തിന് ടി.വി അനുവദിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിനോട് അഭ്യർത്ഥിച്ചിട്ട് ഇതുവരെ ലഭിച്ചിട്ടില്ല. ഊരുകളിലെയും ലയങ്ങളിലെയും അങ്കണവാടി, വായനശാല, പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ടി.വി, ലാപ്ടോപ് എന്നിവ എത്തിച്ചു നൽകിയാണ് പഠന സൗകര്യം ഒരുക്കിയതെന്ന് അധികൃതർ അവകാശപ്പെടുന്നു.ഇന്റർനെറ്റ് സൗകര്യം, കേബിൾ ശൃംഖല എന്നിവ ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ ഓഫ് ലൈൻ പഠന സൗകര്യം സജ്ജമാക്കി. സംപ്രേക്ഷണം ചെയ്ത ക്ലാസുകൾ പെൻഡ്രൈവിൽ കോപ്പി ചെയ്ത് സമഗ്രശിക്ഷ കേരളയുടെ പ്രവർത്തകർ നിശ്ചിത കേന്ദ്രങ്ങളിൽ എത്തിക്കുമെന്ന് ബിന്ദുമോൾ പറയുന്നു. എന്നാൽ തമിഴ് മീഡിയം സ്കൂളുകളിലെ വിദ്യാർത്ഥികൾ അധികൃതരുടെ പട്ടികയിൽ നിന്നുപോലും പുറത്താണ്. അദ്ധ്യയനം ആരംഭിച്ച് രണ്ടാഴ്ച പിന്നിട്ടപ്പോഴാണ് തമിഴ് മീഡിയം കുട്ടികൾക്കുള്ള ഓൺലൈൻ ക്ലാസ് യു ട്യൂബ് വഴി ആരംഭിച്ചത്. അപ്പോഴും സ്ഥിതിയിൽ മാറ്റമൊന്നുമുണ്ടാകുന്നില്ല. സ്മാർട്ട് ഫോണും ഇന്റർനെറ്റും അന്യമായ തമിഴ് ഭൂരിപക്ഷ മേഖലകളിൽ എങ്ങനെ കിട്ടും യു ട്യൂബ് ! ജില്ലാ കളക്ടർ ഇടപെട്ട് ലോക്കൽ കേബിൾ നെറ്റ് വർക്ക് വഴി ഈ ക്ലാസുകൾ വിദ്യാർത്ഥികളിലെത്തിക്കുമെന്ന് എസ്.എസ്.കെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ഈ ദുരവസ്ഥയിലും രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഏറ്റെടുത്ത ടി.വി ചലഞ്ചിനെക്കുറിച്ച് പറയാതെ പോകുന്നത് അനീതിയാകും. ഓൺലൈൻ പഠന സൗകര്യം ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ ടി.വി എത്തിച്ചു നൽകുന്ന പരിപാടിക്ക് തുടക്കമിട്ടത് ഇടുക്കി എം.പി ഡീൻ കുര്യാക്കോസിന്റെ നേതൃത്വത്തിലായിരുന്നു. എന്നാൽ മത്സരബുദ്ധിയോടെ വിവിധ രാഷ്ട്രീയ പാർട്ടികളും വിവിധ സന്നദ്ധ സംഘടനകളും ഇത് ഏറ്റെടുക്കുകയായിരുന്നു. ജില്ലയിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. ഇതുകൂടി ഇല്ലായിരുന്നെെങ്കിൽ കൊവിഡ് കാലത്തെ നൂതന വിദ്യാഭാസ സങ്കേതങ്ങളെക്കുറിച്ച് അറിയാത്ത വിദ്യാർത്ഥികളുടെ എണ്ണം രണ്ടിരട്ടിയെങ്കിലുമാകുമായിരുന്നു.