കൊറോണ വൈറസ് മനുഷ്യശരീരത്തെ ആക്രമിക്കുന്നതിന് പ്രധാനമായും ഉപയോഗിക്കുന്ന സ്പൈക്ക് (എസ്) പ്രോട്ടീന്റെ മുഴുവൻ ആറ്റങ്ങളെയും ഗവേഷകർ മാപ്പ് ചെയ്തു. വൈറസിന്റെ ശരീരത്തിൽ നിന്ന് പുറത്തേക്ക് തള്ളിനിൽക്കുന്ന സ്പൈക്ക് പ്രോട്ടീൻ ഉപയോഗിച്ചാണ് മനുഷ്യനിൽ പ്രവേശിക്കുന്നത്. ഈ സ്പൈക്ക് പ്രോട്ടീനെ നശിപ്പിച്ചാൽ കൊറോണ വൈറസിനെ നിർവീര്യമാക്കാം. പ്രോട്ടീൻ ആറ്റങ്ങളെ ഗവേഷകർ മാപ്പ് ചെയ്ത സ്ഥിതിക്ക് ഉടൻ ഇതിനെ നശിപ്പിക്കുന്ന വാക്സീൻ കണ്ടുപിടിക്കാനാവും.
യു.എസ്, യു.കെ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഗവേഷകരാണ് പ്രോട്ടീൻ മാപ്പ് ചെയ്ത വിവരം വീഡിയോ കോൺഫറൻസിങ്ങിലൂടെ ലോകത്തെ അറിയിച്ചത്. ദക്ഷിണ കൊറിയയിലെ സൂപ്പർ കമ്പ്യൂട്ടറായ റ്റ്യൂറിയോൺ വരെ ഈ പരീക്ഷണത്തിന് ഉപയോഗിച്ചിരുന്നു. കൊവിഡ് രോഗത്തിനെതിരെ വാക്സിനും മരുന്നും കണ്ടുപിടിക്കുന്നതിൽ നിർണായക ചുവടുവയ്പ്പാകും ഈ ആറ്റം മോഡലിങ്.
ഓരോ ജീവികളുടെയും കൃത്യമായ വളർച്ചയ്ക്കും ശാരീരിക പ്രവർത്തനങ്ങൾക്കും അമിനോ ആസിഡ് വേണം. മനുഷ്യന്റെ കൃത്യമായ ശാരീരിക പ്രവർത്തനത്തിന് ഒൻപത് ഇനം അമിനോ ആസിഡുകൾ ഉണ്ടായിരിക്കണം. വൈറസുകളുടെ കാര്യത്തിലും സമാനമാണിത്. പുതിയ കൊറോണ വൈറസിന്റെ എസ് പ്രോട്ടീനിലെ ഇതുവരെ തിരിച്ചറിയാത്ത അമിനോ ആസിഡ് ഘടകങ്ങളെ കണ്ടെത്തുകയാണ് ഗവേഷകർ ആദ്യം ചെയ്തത്. അമിനോ ആസിഡുകൾ ചങ്ങലക്കണ്ണി ചേർന്നാണ് പ്രോട്ടീൻ തന്മാത്രകൾ രൂപപ്പെടുന്നത്.
ഓരോ പ്രോട്ടീനും എന്തു സ്വഭാവമാണെന്നു തീരുമാനിക്കുന്നത് ഈ അമിനോ ആസിഡുകളാണ്. ഇവയുടെ സ്വഭാവം തിരിച്ചറിഞ്ഞതിനാൽ പ്രതിരോധ മരുന്നു നിർമ്മാണം ഫലപ്രദമാകുമെന്ന് ചുരുക്കം.