.
നെയ്യാറ്റിൻകര: മാരായമുട്ടത്ത് ഭർത്താവിനൊപ്പം താമസിച്ചിരുന്ന വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാരായമുട്ടം വടകര മലയിൽ തോട്ടത്തിൽ വീട്ടിൽ ജോർജിന്റെ ഭാര്യ അജിതയെ (47) ആണ് വീട്ടിലെ കിടപ്പുമുറിയിൽ ഇന്നലെ രാവിലെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സാരി ഉപയോഗിച്ച് ഫാനിൽ തൂങ്ങിയ നിലയിലായിരുന്ന മൃതദേഹം അർദ്ധനഗ്നമായിരുന്നെന്ന് പൊലീസ് പറഞ്ഞു. അതേസമയം മരണത്തിൽ ദുരൂഹത ആരോപിച്ച് വീട്ടമ്മയുടെ സഹോദരനടക്കമുള്ള ബന്ധുക്കൾ രംഗത്തെത്തി. ഭർത്താവുമായി പിണങ്ങി ഒൻപത് മാസമായി സഹോദരനൊപ്പം കഴിഞ്ഞിരുന്ന അജിത രണ്ടുമാസം മുൻപാണ് പ്രശ്നങ്ങൾ പരിഹരിച്ച് വീണ്ടും ജോർജിനൊപ്പം താമസമാക്കിയത്. എന്നാൽ വീണ്ടും ഭർത്താവിന്റെ സ്വഭാവത്തിൽ സംശയിച്ച് ഇരുവരും കലഹിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. അജിത മരിക്കുന്നതിന്റെ തലേ ദിവസവും ഇരവും തമ്മിൽ വഴക്കുണ്ടായി. കലഹം രൂക്ഷമായതോടെ ഇരുവരും വേവ്വെറെ മുറികളിലുമായിരുന്നു ഉറങ്ങിയതെന്നുമാണ് വിവരം. ഇവരുടെ വീട്ടിൽ നിന്ന് തലേന്ന് രാത്രിയും ബഹളം കേട്ടിരുന്നതായി സമീപവാസികൾ പറഞ്ഞു. 27വർഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. ജോർജ് സ്വകാര്യ സ്കൂളിലെ ബസ് ഡ്രെെവറാണ്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി മാരായമുട്ടം സി.ഐ അനിൽകുമാർ പറഞ്ഞു. കൊവിഡ് പരിശോധനാഫലം വന്ന ശേഷമേ ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കൂ. പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. മക്കൾ: ആൻസി ജോർജ്, ആനി ജോർജ്.