bn

വർക്കല: നടയറയിൽ യുവാവിനെ രണ്ടംഗ സംഘം വീട്ടിലെ മുറിയിൽ പൂട്ടിയിട്ടശേഷം മർദ്ദിച്ച് അവശനാക്കി. നടയറ കാസിം മൻസിലിൽ ഷാഫി.എസിനാണ് (25) മർദ്ദനമേറ്റത്. ഫോണിൽ വിളിച്ച രണ്ടംഗ സംഘമാണ് തന്നെ മർദ്ദിച്ചതെന്ന് ഷാഫി വർക്കല പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. 24ന് രാത്രി 7ഓടെ നടയറ പള്ളിക്ക് സമീപം സി.പി.ഐ ബ്രാഞ്ച് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനത്തിൽ പങ്കെടുക്കവേ ഒരു ഫോൺ കാൾ ലഭിച്ചു. നടയറ പാലത്തിന് സമീപം അത്യാവശ്യമായി വരണമെന്നായിരുന്നു ആവശ്യം. തുടർന്ന് പാലത്തിന് സമീപമെത്തിയപ്പോൾ ഫോൺ വിളിച്ചയാളും മറ്റൊരാളും കൂടി ഇവരിലൊരാളുടെ വീട്ടിൽ കൂട്ടിക്കൊണ്ടുപോയതായാണ് ഷാഫി പറയുന്നത്. അവിടെ എത്തിച്ചശേഷം സംസാരിക്കാനെന്നു പറഞ്ഞ് മുറിക്കുള്ളിൽ പൂട്ടിയിടുകയും മൺവെട്ടിയുടെ കൈ ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ഷാഫിയുടെ കണ്ണിനും മൂക്കിനും നട്ടെല്ലിനും പരിക്കേറ്റു. അക്രമിസംഘം മുറി തുറക്കുന്നതിനിടെ ഷാഫി രക്ഷപ്പെട്ട് വീട്ടിലെത്തുകയായിരുന്നു. ബന്ധുക്കള വിവരമറിയച്ചതിനെ തുടർന്ന് വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഫോട്ടോ: പരിക്കേറ്റ ഷാഫി