ആരോഗ്യ മന്ത്റിക്ക് ആദരം
കൊവിഡ് പ്രതിരോധത്തിൽ കേരളത്തിന്റെ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്ക് ഐക്യരാഷ്ട്ര സഭയുടെ ആദരവ്. ലോക പൊതുപ്രവർത്തക ദിനമായ ജൂൺ 23ന് ലോകനേതാക്കൾക്കൊപ്പം ഐക്യരാഷ്ട്ര സഭയുടെ വെബിനാറിൽ മന്ത്രി കെ.കെ.ശൈലജയും പങ്കെടുത്തു. വെബിനാറിൽ പങ്കെടുക്കാൻ ഇന്ത്യയിൽനിന്ന് അവസരം ലഭിച്ച ഏക വ്യക്തിയാണ് മന്ത്രി.യു.എൻ സാമ്പത്തിക സാമൂഹ്യകാര്യ വിഭാഗം സംഘടിപ്പിച്ച ചടങ്ങിൽ ന്യൂയോർക്ക് ഗവർണർ, ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ, യുഎൻ സെക്രട്ടറി ജനറൽ എന്നിവർക്കൊപ്പമാണ് കെ.കെ ശൈലജ വെബിനാറിൽ പങ്കെടുത്തത്. രാജ്യാന്തര വേദികളിൽ കോവിഡ് പ്രതിരോധത്തിലെ കേരള മോഡൽ സജീവ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് യു.എന്നിന്റെ ആദരം. മഹാമാരിയും പൊതുസേവനവും എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിലും മന്ത്രി പങ്കെടുത്തു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിപയുടെ അനുഭവങ്ങൾ നന്നായി സഹായിച്ചിട്ടുണ്ടെന്നും കെ.കെ. ശൈലജ പറഞ്ഞു.
ഇകൊറൊഡു ബോയ്സ് വെള്ളിത്തിരയിൽ
നൈജീരിയൻ വൈറൽ സംഘം ഇകൊറൊഡു ബോയ്സ് ഹോളിവുഡിലേക്ക്. കോടികൾ മുടക്കി നിർമ്മിക്കുന്ന സിനിമാ ട്രെയിലറുകളും സംഗീത ആൽബങ്ങളും ഇകൊറൊഡു ബോയ്സ് റീമേക്ക് ചെയ്യും. അതും കുറഞ്ഞ ചെലവിൽ. കയ്യിൽ കിട്ടുന്നതെന്തും ആയുധമാക്കി പരിമിതമായ സൗകര്യങ്ങളിൽ ഞെട്ടിക്കുന്ന റീമേക്കുകളുണ്ടാക്കി ഈ നൈജീരിയൻ കുട്ടിസംഘം നേരത്തേ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. 15 വയസിൽ താഴെമാത്രം പ്രായമുള്ളവരാണ് മൂവർസംഘം. നെറ്റ്ഫ്ളിക്സ് ചിത്രമായ എക്സ്ട്രാക്ഷന്റെ ട്രെയിലർ ഇവർ കഴിഞ്ഞദിവസം റീമേക്ക് ചെയ്ത് പുറത്തിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ചിത്രത്തിന്റെ നിർമ്മാതാക്കളിൽ നിന്ന് കുട്ടികൾക്ക് ഹോളിവുഡിലേക്ക് ക്ഷണം ലഭിച്ചത്.
പെട്രോളിനെ കടത്തി വെട്ടി ഡീസൽ
ചരിത്രത്തിലാദ്യമായി കഴിഞ്ഞയാഴ്ച ഡീസൽ വില പെട്രോളിനെ പിന്തള്ളി മുന്നിലെത്തി.ഡൽഹിയിൽ കഴിഞ്ഞ ബുധനാഴ്ച ഡീസലിന് ലിറ്ററിന് 48 പൈസ വർദ്ധിച്ച് 79.88 രൂപയായിരുന്നു. പെട്രോളിന് കഴിഞ്ഞ ദിവസം 79.76 രൂപയായിരുന്നത് വർദ്ധിച്ചില്ല. ഇതോടെ ഡീസൽ വില പെട്രോളിനെ മറികടന്നു.രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന് വിലത്തകർച്ചയുണ്ടായപ്പോൾ കേന്ദ്രസർക്കാർ എക്സൈസ് നികുതി വർദ്ധിപ്പിച്ചതിനെ തുടർന്നാണ് വില വർദ്ധിപ്പിക്കേണ്ട സാഹചര്യമുണ്ടായതെന്നാണ് എണ്ണക്കമ്പനികൾ പറയുന്നത്. ജൂൺ ഏഴ് മുതലാണ് ദിനംപ്രതി ഇന്ധന വില വർദ്ധിപ്പിച്ച് തുടങ്ങിയത്.
ന്യൂയോർക്കിൽ യോഗ സർവകലാശാല
യോഗ ഇന്ത്യയ്ക്കു പുറത്തേക്ക് എത്തിയിട്ട് വർഷങ്ങളായി. എന്നാൽ ഇന്ത്യയ്ക്കു പുറത്ത്, ലോകത്തിലെ ആദ്യ യോഗ സർവകലാശാല ഈ മാസം 25 ന് ലോസാഞ്ചൽസിൽ തുറന്നു. വിവേകാനന്ദ യോഗ സർവകലാശാല എന്നാണ് പേര്. യോഗയുടെ ശാസ്ത്രീയ വശങ്ങളും നൂതന ഗവേഷണ സാദ്ധ്യതകളുമായി ബന്ധപ്പെട്ട കോഴ്സുകൾക്കാണ് അവസരം. യോഗാചാര്യൻ ഡോ. എച്ച്.ആർ നാഗേന്ദ്രയാണ് സർവകലാശാല ചെയർമാൻ.
ദുരൂഹതകൾ ബാക്കിയാക്കി
അലാസ്കയിലെ മാജിക് ബസ്
ഒടുവിൽ നിഗൂഢതകൾ ബാക്കിവച്ച് അലാസ്കയിലെ ആ മാജിക് ബസ് വനത്തിൽ നിന്ന് നീക്കി.
ക്രിസ്റ്റഫർ മക്കാൻഡ്ലെസിന്റെ ഫെയർബാങ്ക്സ് 142 എന്ന ‘മാജിക് ബസ്’‘ഇൻടു ദി വൈൽഡ്’ എന്ന സിനിമയിലൂടെയാണ് പ്രശസ്തമായത്. ഇതുകണ്ടവർ ബസിലേക്കെത്താൻ അലാസ്കൻ കാടുകയറാൻ തുടങ്ങി. അതിസാഹസികമായ അത്തരം യാത്രകളിൽ രണ്ടുപേർ മരിക്കുകയും ഒട്ടേറെപ്പേർ അപകടത്തിൽപ്പെടുകയും ചെയ്തു. അപകടം പതിവായതോടെയാണ് ബസ് നീക്കംചെയ്യാൻ തീരുമാനിച്ചത്. സി.എച്ച്.-47 ചിനൂക് ഹെലികോപ്റ്ററിൽ എയർലിഫ്റ്റ് ചെയ്ത ബസിനെ സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റി.1992-ൽ മക്കാൻഡ്ലെസ് എന്ന 24-കാരനായ സാഹസിക യാത്രികൻ അലാസ്കയിലേക്കുള്ള യാത്രയ്ക്കിടെ താമസിച്ചതാണ് ഈ ബസ്. 1940 മുതൽ ബസ് ഇവിടെയുണ്ട്. എന്നാൽ ഇതെങ്ങനെ അവിടെയെത്തിയെന്നത് ഇപ്പോഴും നിഗൂഢമാണ്.കൈയിലുണ്ടായിരുന്ന ഭക്ഷണവും വെള്ളവും തീർന്നതോടെ പട്ടിണിയിലായ മക്കാൻഡ്ലെസ് 110-ാം ദിവസം ബസിനുള്ളിൽക്കിടന്നു മരിച്ചു.