'ഓണത്തിനിടയ്ക്ക് പുട്ടുക്കച്ചവടം' എന്ന ചൊല്ലാണ് പതഞ്ജലിയുടെ 'ദിവ്യ കൊവിഡ് മരുന്ന്' ഓർമ്മിപ്പിക്കുന്നത്. കൊവിഡ് മഹാമാരിക്ക് മുന്നിൽ ഭൂരിഭാഗം വ്യവസായങ്ങളും നിലംതൊടാതെ തകർന്നപ്പോഴാണ്, യോഗാചാര്യൻ ബാബാ രാംദേവ് പുതിയ കച്ചവടതന്ത്രവുമായി രംഗത്തെത്തിയത്. ലോകമൊട്ടാകെയുള്ള ശാസ്ത്രജ്ഞൻമാരും ഗവേഷകരും തലകുത്തി നിന്ന് പരിശ്രമിച്ചിട്ടും കൊവിഡിനെതിരെ വാക്സിനോ, ഫലപ്രദമായ പ്രതിരോധ മരുന്നോ ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാൽ വെറും ദിവസങ്ങൾക്കൊണ്ട് കൊവിഡ് പൂർണമായും മാറ്റുന്ന മരുന്ന് പതഞ്ജലി ആയുർവേദ കണ്ടെത്തിയെന്നാണ് രാംദേവിന്റെ അവകാശവാദം. ഏഴ് ദിവസത്തിനകം കൊവിഡ് രോഗം ഭേദമാക്കാൻ കഴിയുമെന്ന് ശാസ്ത്രീയമായി തെളിയിച്ചതാണെന്നും, ഇതിന് നൂറ് ശതമാനം ഫലപ്രാപ്തിയുണ്ടെന്നും അവകാശപ്പെട്ടാണ് 'ദിവ്യ കൊറോണ' എന്ന മരുന്ന് പാക്കേജ് പതഞ്ജലി ആയുർവേദ പുറത്തിറക്കിയത്. ''കൊറോണിൽ'', ''സ്വാസരി'' എന്നീ രണ്ട് മരുന്നുകളാണ് ഇതിലുള്ളത്. 280 രോഗികളിൽ പരീക്ഷിച്ച് വിജയം കണ്ടതാണെന്നും, നിരന്തരം ഗവേഷണം നടത്തിയാണ് ഈ മരുന്ന് കണ്ടെത്തിയതെന്നുമാണ് രാംദേവ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. 545 രൂപയാണ് ഈ രണ്ട് മരുന്നുകളുമടങ്ങിയ ഒരു കിറ്റിന് വില. ഇത് വിശ്വസിച്ച് ബാബാ ഭക്തൻമാരെല്ലാം പണവുമായി മരുന്നുവാങ്ങാൻ ഇറങ്ങാൻ തുടങ്ങുകയായിരുന്നു. അപ്പോഴേക്കും ഇങ്ങനെയൊരു മരുന്നിനെക്കുറിച്ച് അറിയില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആയുഷ് മന്ത്രാലയം പ്രസ്താവന ഇറക്കി. മാദ്ധ്യമങ്ങളിലൂടെയാണ് കണ്ടുപിടുത്തതിന്റെ വിവരം അറിഞ്ഞതെന്നും കമ്പനിയോട് വിവരങ്ങൾ തേടിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. മരുന്നിലെ ചേരുവകൾ, ഗവേഷണം നടത്തിയ ആശുപത്രികൾ, മറ്റു കേന്ദ്രങ്ങൾ, പരീക്ഷണത്തിനായി ഉപയോഗിച്ച സാംപിളുകളുടെ എണ്ണം, ട്രയൽ പരിശോധനാ ഫലങ്ങൾ തുടങ്ങിയ വിവരങ്ങളാണ് കമ്പനിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. കമ്പനിക്ക് മരുന്ന് ഉത്പാദനത്തിനു നൽകിയ ലൈസൻസ്, മരുന്നിനു നൽകിയ അംഗീകാരം എന്നിവയുടെ പകർപ്പുകൾ സമർപ്പിക്കാൻ ഉത്തരാഖണ്ഡ് സർക്കാരിനോടും കേന്ദ്രം നിർദ്ദേശിച്ചു. ഈ വിവരങ്ങൾ പരിശോധിച്ച് അംഗീകാരം നൽകുന്നതുവരെ മരുന്നിന്റെ പ്രചാരണമോ പരസ്യമോ അരുത്. അംഗീകാരമില്ലാതെ പരസ്യം ചെയ്യുന്നത് നിയമങ്ങളുടെയും കൊവിഡ് മാനദണ്ഡങ്ങളുടെയും ലംഘനമാണെന്നും മന്ത്രാലയം പറയുന്നു. കൊവിഡിനുള്ള മരുന്നെന്ന നിലയ്ക്കല്ല കൊറോനിൽ വിൽക്കാൻ ലൈസൻസ് നൽകിയതെന്ന് ഉത്തരാഖണ്ഡ് ആരോഗ്യ വകുപ്പ് കഴിഞ്ഞദിവസം വ്യക്തമാക്കി. രേഖകളിൽ പനിയും ചുമയും പ്രതിരോധിക്കാനുള്ള ഇമ്മ്യൂണിറ്റി ബൂസ്റ്ററിനാണ് പതഞ്ജലി അപേക്ഷ സമർപ്പിക്കുകയും ലൈസൻസ് നേടുകയും ചെയ്തതെന്ന് സർക്കാർ അറിയിച്ചു. ഇമ്മ്യൂണിറ്റി ബൂസ്റ്ററിനുള്ള ലൈസൻസിൽ നിർമിച്ച മരുന്ന് കൊവിഡ് ഭേദമാക്കും എന്ന് അവകാശപ്പെട്ട് വിപണനം നടത്തുന്നതിന് കമ്പനിക്കെതിരേ നോട്ടീസ് അയച്ചതായും സർക്കാർ വ്യക്തമാക്കി ഇതിനിടെ സർക്കാർ അംഗീകാരമില്ലാതെ 'മരുന്ന് വിറ്റ് തട്ടിപ്പ്" നടത്തിയെന്ന് ആരോപിച്ച് പതജ്ഞലിക്കും രാംദേവിനും എതിരെ ബിഹാർ കോടതിയിൽ സാമൂഹിക പ്രവർത്തകൻ തമ്മന്ന ഹഷ്മി പരാതി നൽകി. . സർക്കാരിന്റെ അനുമതിയില്ലാതെ മരുന്നുപരീക്ഷണം നടത്തിയത് നിയമലംഘനമാണെന്ന് കാട്ടി രാംദേവിനെതിരെ കേസ് കൊടുക്കാൻ രാജസ്ഥാൻ സർക്കാരും തീരുമാനിച്ചു. ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ മരുന്ന് പരീക്ഷണം, വാണിജ്യാടിസ്ഥാനത്തിലുള്ള നിർമ്മാണം, വിൽപ്പന എന്നിവ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പിന്നാലെ 'കൊറോണിൽ' മരുന്നിന് വിലക്കേർപ്പെടുത്തി മഹാരാഷ്ട്ര സർക്കാറും രംഗത്തെത്തി. പരസ്യവും വിൽപ്പനയും സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് വ്യക്തമാക്കി. ഇത്രയൊക്കെയായതോടെ 'ദിവ്യ' കൊറോണ മരുന്നിലൂടെ കോടികൾ കൊയ്യാമെന്ന് കരുതിയ രാംദേവ് ഗംഗയിൽ 'മുങ്ങൽയോഗ" നടത്തിയെന്നാണ് വിവരം.