തിരുവനന്തപുരം: ഉറവിടം കണ്ടെത്താൻ കഴിയാത്ത രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം നഗരത്തെ അതിജാഗ്രതാ മേഖലയായി പ്രഖ്യാപിക്കണമെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. കൊവിഡ് രോഗവ്യാപന സാദ്ധ്യത മുന്നിൽക്കണ്ട് ഊർജ്ജിത കർമ്മപദ്ധതികൾ നടപ്പിലാക്കാൻ സംസ്ഥാനത്തെ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണം. തീരദേശ മേഖലയിലും നഗരത്തിലെ കോളനികളിലും പ്രത്യേക നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തണം. കണ്ടെയ്ൻമെന്റ് സോണുകളിൽ കൊവിഡ് പരിശോധന വ്യാപകമാക്കണമെന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലും ജനറൽ ആശുപത്രിയിലും 24 മണിക്കൂറും കൊവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.