ന്യൂഡൽഹി: ചൈനയിൽ നിന്നുള്ള ഉത്‌പന്നങ്ങൾ ഒഴിവാക്കാൻ കേന്ദ്രസർക്കാർ നടത്തുന്നത് സജീവമായ നീക്കങ്ങൾ. ആദ്യഘട്ടത്തിൽ,​ ചൈനയിൽ നിന്നുള്ള നിലവാരം തീരെക്കുറഞ്ഞതും അവശ്യേതരവുമായ ഉത്‌പന്നങ്ങളുടെ ഇറക്കുമതി പൂർണമായി നിറുത്തലാക്കാനുള്ള ചർച്ചകൾ വ്യവസായ-വാണിജ്യ ലോകവുമായി ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഒഫ് ഇൻഡസ്‌ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡി.പി.ഐ.ഐ.ടി)​ ആരംഭിച്ചു.

ചൈനീസ് ഉത്‌പന്നങ്ങൾക്ക് ബദൽ മറ്റു രാജ്യങ്ങളിൽ നിന്നോ ഇന്ത്യയിൽ നിന്ന് തന്നെയോ കണ്ടെത്തണമെന്ന ആവശ്യമാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. മറ്റു രാജ്യങ്ങളിൽ നിന്നുള്ള ബദൽ ഇറക്കുമതിക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്നത് സർക്കാർ പരിഗണിക്കും. ജപ്പാൻ,​ ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെയാണ് ചൈനയ്ക്ക് ബദലായി പ്രധാനമായും ഇന്ത്യ ഉദ്ദേശിക്കുന്നത്. ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറയ്ക്കുക മാത്രമല്ല,​ ചൈനയുമായുള്ള വ്യാപാരക്കമ്മി വെട്ടിത്താഴ്‌ത്തുകയും കേന്ദ്രത്തിന്റെ ലക്ഷ്യമാണ്.

ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി കഴിഞ്ഞ സാമ്പത്തിക വർഷം (2019-20)​ അഞ്ചുവർഷത്തെ താഴ്‌ചയിൽ എത്തിയെങ്കിലും ഇപ്പോഴും ഉയർന്ന നിലയിൽ തന്നെയാണ്. 4,​870 കോടി ഡോളറാണ് കഴിഞ്ഞവർഷത്തെ കമ്മി. 2018-19ൽ ഇത് 5,360 കോടി ഡോളറായിരുന്നു. കഴിഞ്ഞവർഷം 8,​200 കോടി ഡോളറിന്റെ വ്യാപാരമാണ് ചൈനയുമായി നടന്നത്. ഇതിൽ 6,​530 കോടി ഡോളറും ചൈനയിൽ നിന്നുള്ള ഇറക്കുമതി ആയിരുന്നു.