പേരൂർക്കട: കുട്ടികളുടെ അശ്ലീല വീഡിയോ ഡൗൺലോഡ് ചെയ്ത് സ്ഥിരമായി കണ്ടതുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിൽ. മണ്ണന്തല സ്വദേശി രഞ്ജിത്ത് (41) ആണ് അറസ്റ്റിലായത്. കുട്ടികളെ ലൈംഗിക ചൂഷണം നടത്തുന്ന വീഡിയോകൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നതും ഡൗൺലോഡ് ചെയ്ത് കാണുന്നതും സംബന്ധിച്ച വിവരം ഡി.ജി.പിയുടെ ശ്രദ്ധയിൽപ്പെടുകയും ഇവർക്കെതിരെ നടപടിയെടുക്കാൻ ഇദ്ദേഹം നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ഇതിന്റെ അന്വേഷണത്തിനൊടുവിലാണ് യുവാവ് പിടിയിലായത്. ചില പുതിയ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ലിങ്കായി വരുന്ന ഗ്രൂപ്പുകളിൽ കാണുന്ന വീഡിയോകളാണ് പ്രതി ഡൗൺലോഡ് ചെയ്ത് കണ്ടിരുന്നത്. ഒരു സ്വകാര്യ ടി.വി ചാനലിൽ ടെക്നീഷ്യനാണ് രഞ്ജിത്ത്. ജോലികഴിഞ്ഞ് വെളുപ്പിന് 2 മണിക്ക് എത്തുന്ന ഇയാൾ വളരെ നേരം ഇത്തരം വീഡിയോകൾ കണ്ടിരുന്നതിനെക്കുറിച്ച് സൈബർ,സെൽ അന്വേഷണം നടത്തിവരികയായിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് എ.സി.പി എം.കെ. സുൽഫിക്കറിന്റെ നേതൃത്വത്തിൽ മണ്ണന്തല സി.ഐ ജി.പി സജുകുമാർ, എസ്.ഐമാരായ ഒ.വി ഗോപിചന്ദ്രൻ, ജെ. ജോൺസ് രാജ്, സി.പി.ഒമാരായ ജി.സി ശ്രീജിത്ത്, കെ. കവിത, സൈബർ സെൽ പൊലീസ് ഉദ്യോഗസ്ഥൻ ദിനേശ് കുമാർ എന്നിവർ ഉൾപ്പെട്ട സംഘം പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി.