ഇക്കണക്കിന് എങ്ങനെ ജനം ജീവിക്കും. കറണ്ടു ചാർജ് കൂടി. വണ്ടിക്കൂലി കൂടിയും കുറഞ്ഞും തുടരുന്നു. ഇന്ധന വില മരയോന്തു കേറുന്ന പോലെ കേറി കേറിപ്പോകയല്ലെ. വെള്ളത്തിന്റെ കരം എത്രയാ കേറുന്നതെന്നറിയില്ല. വീട്ടുകരം, തറ കരം, പട്ടിക്കരം, ആടുമാടുകരം അങ്ങനെ കരങ്ങൾ എത്രയോ ഇനിയും ബാക്കി. കൂടെ കൊവിഡ് - 19 തകർക്കുന്നു.
മനുഷ്യശരീരത്തിനാണെങ്കിൽ മുറിച്ചുകൊടുക്കണം. നല്ല കാശു കിട്ടും. കിഡ്നിക്കും കരളിനും കൂമ്പിനുമൊക്കെ ഇന്നെന്താവില. പക്ഷേ ജീവനുമാത്രം ഒരു വിലയുമില്ല. വാൾ മുനയിലും മരക്കൊമ്പിലും നിരത്തിലും തീരുകയല്ലെ.
ജീവിതത്തിൽ രണ്ടറ്റവും കൂട്ടിമുട്ടിക്കുക എന്നു പറയില്ലേ. നടക്കില്ല. നടക്കണമെങ്കിൽ കാശു വേണം. അടുത്തൂൺ (മാസം തോറും ദാനച്ചിലവിലേക്കാവശ്യമുള്ള തുക എന്ന് പഴയ അർത്ഥം) പറ്റിയ ഒരാൾക്ക് എന്തുചെയ്യാനാവും. തുച്ഛമായ 'പെൻഷൻ." അതുകൊണ്ടുവേണം എല്ലാം ശരിയാക്കാൻ. ഭരിക്കുന്നവർക്കും ഭരിപ്പിക്കുന്നവർക്കുമൊക്കെ ഇതെല്ലാമറിയാം. ഇപ്പോൾ കണ്ടില്ലേ. ബിൽ തുക ഗഡുക്കളായി അടച്ചാൽ മതി എന്ന തീരുമാനം. ചിലവ അടയ്ക്കേണ്ട. ചിലർക്കു ബിൽ തുകയിൽ ഇളവ്. 'ഇല. ട്രിക്ക്" ബില്ലിന്റെ ഗുണമാണത്. തൊണ്ണൂറ് ലക്ഷത്തിലധികം ഉപഭോക്താക്കൾ ഉഷാറായോ...!
അറിഞ്ഞാ. നാട്ടുംപുറത്തു നടന്നതാ. കൊവിഡ് മുക്തിയ്ക്കിടെ, കറണ്ട് ബില്ല് ഗർഭം ധരിച്ചിരിക്കുന്നതിനിടെ, ഇന്ധന വില മേല്പോട്ട് മരം ചാടുന്നതിനിടെ, പെൻഷൻ കാശുകൊടുത്ത് അയാൾ ഒരു 'പൈന്റ് " എടുത്തു. മദ്യമില്ലായ്മയുടെ കടുത്ത ദാഹം തീർക്കാൻ തോട്ടിൻകരയിൽ ചേക്കേറി. സന്ധ്യ തീരുന്ന സമയം. കുടി തുടങ്ങി. കൂടെത്തോടുള്ള കപ്പലണ്ടിയും തൊലിച്ചടിച്ചു. നേരം പോയതറിഞ്ഞില്ല. നന്നെ ഇരുട്ടി. ഒഴിഞ്ഞ കുപ്പിക്കു തോട്ടിൽ സംസ്കരണം.
അയാൾ വീടിന്റെ മുന്നിലെത്തി. കൊട്ടിവിളിച്ചു. വീട്ടിൽ നിന്നാരും വന്നില്ല. അയാൾക്കു ഉത്കണ്ഠ ഇല്ലായിരുന്നു. പക്ഷേ കോപമുണ്ടായി. ഒടുവിൽ ചവിട്ടുതുടങ്ങി. ഒരു വഴിപോക്കൻ അതുവഴി വരുന്നുണ്ടായിരുന്നു. പെൻഷൻകാരന്റെ അടുത്തു എത്തിയ വഴിപോക്കൻ തിരക്കി:
''നിങ്ങളെന്തിനാ ഇങ്ങനെ ഇതിലിട്ട് ചവിട്ടുന്നേ?
പെൻഷൻകാരന്റെ ഉത്തരം :
'വീട്ടികേറണ്ടെ. കതകു തുറക്കുന്നില്ല. ആദ്യം കൊട്ടിനോക്കി. അനക്കമില്ല. അതോണ്ടു കതവിൽ ചവിട്ടുന്നു. എന്നിട്ടും വീട് തുറക്കുന്നില്ലന്നേ..."
വഴിപോക്കൻ മിണ്ടിയില്ല.
പെൻഷൻകാരൻ പിന്നെയും ചവിട്ടിക്കൊണ്ടിരുന്നു. അതിനിടയിൽ പറഞ്ഞു:
''അവളൊറങ്ങിയിട്ടില്ല. മുകളിലോട്ടു നോക്കിയെ ബാൽക്കണിയില്‍ ലൈറ്റ് കിടക്കുന്നു. കണ്ടോ.
ങാ.. അവള് വാതില്‍ തുറക്കില്ല."
വഴിപോക്കനു ചിരി പൊട്ടി. പെൻഷൻകാരന്റെ അടുത്തുചെന്നു പറഞ്ഞു:
''സ്നേഹിതാ, നിങ്ങൾ ചവിട്ടുന്നതു നിങ്ങടെ വീട്ടിലെ കതകിലല്ല. ചവിട്ടുന്നതു വീടിന്റെ മുമ്പിലെ ഇലക്ട്രിക് പോസ്റ്റിലാ. പോസ്റ്റിന്റെ മുകളിലെ വിളക്കാണ് ആ കാണുന്നേത്."
പെൻഷൻകാരൻ സ്വല്പനേരം അനങ്ങാതെ നിന്നു. പിന്നെ ചെന്ന് ആ പോസ്റ്റിനെ കെട്ടിപ്പിടിച്ചു.
ഒരാത്മമഗതം ഇങ്ങനെ പുറത്തുവന്നു.
''ങാ... കൊഴപ്പമില്ല. അവന്റെ കമ്പനി തന്ന ബില്ല് കണ്ടാ ഇനിയും ചവിട്ടിപ്പോകും... വീടിന്റെ വാതിൽ എപ്പോഴെങ്കിലും തുറക്കട്ടെ.
സാറ് പോ."