നവംബറിൽ വരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കണ്ണുവച്ചാണ് ട്രംപ് എച്ച് - വൺ ബി വിസ നിരോധിച്ചത്. ഇതിലൂടെ 170 ലക്ഷം വിദേശികൾക്കാണ് തൊഴിൽ നഷ്ടം ഉണ്ടാവുക.
എച്ച് - വൺ ബി വിസയിലൂടെ ഓരോ വർഷവും 85,000 പേർക്ക് അമേരിക്കയിൽ ജോലി ലഭിച്ചിരുന്നു. ഐ.ടി മേഖലയിലാണ് ഏറ്റവും കൂടുതൽ തൊഴിൽ അവസരം ലഭിച്ചിരുന്നത്. 2020 അവസാനം വരെയാണ് വിസ നിരോധനം. ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഇന്ത്യയിൽ നിന്നുള്ള ചെറുപ്പക്കാരായ ഐ.ടി പ്രൊഫഷണലുകളെയാണ്. അമേരിക്കയിൽ സ്ഥാപിച്ചിട്ടുള്ള ഇന്ത്യൻ ടെക്നോളജി കമ്പനികളുടെ പ്രവർത്തനവും ഇത് അവതാളത്തിലാക്കും. സാങ്കേതിക വൈദഗ്ദ്ധ്യമുള്ള തൊഴിൽ അറിയാവുന്നവർക്ക് താത്കാലികമായി അമേരിക്കയിൽ തങ്ങി ജോലി ചെയ്യാൻ എച്ച് - വൺ ബി വിസ ആവശ്യമാണ്. താത്കാലികമായി തങ്ങുന്നവർ കാലക്രമേണ സ്ഥിരതാമസക്കാരായ അമേരിക്കൻ - ഇന്ത്യൻസ് ആയി മാറുന്നതും പതിവാണ്.
2010-ൽ അമേരിക്കയിലെത്തിയ ഒരുലക്ഷം ഇന്ത്യക്കാരിൽ 60 ശതമാനം പേരും എച്ച് - വൺ ബി വിസയിലാണ് എത്തിയത്. പൊതുവെ കമ്പ്യൂട്ടർ മേഖലയാണ് ഇവർക്ക് തൊഴിൽ നൽകിയത്.
2004നും 2012നും ഇടയിൽ അമേരിക്ക നൽകിയ ഇത്തരം വിസയിലൂടെ അഞ്ച് ലക്ഷത്തോളം ഇന്ത്യക്കാർ അവിടെ എത്തിയിട്ടുണ്ട്. പിന്നാലെ ഇവരുടെ കുടുംബവും എത്തും. ഇപ്പോൾ കുറഞ്ഞത് 30 ലക്ഷം ഇന്ത്യക്കാർ അമേരിക്കൻ ജനസംഖ്യയുടെ ഭാഗമാണ്. ഇതിൽ ഹിന്ദി, തമിഴ്, തെലങ്ക്, മലയാളം എന്നീ ഭാഷകൾ സംസാരിക്കുന്നവരുടെ എണ്ണമാണ് ഏറ്റവും കൂടുതൽ. ഇതിൽ പലരുടെയും ഭാവി അനിശ്ചിതത്വത്തിലാക്കുന്നതാണ് ട്രംപിന്റെ വിസ നിരോധനം.
സിലിക്കൻ വാലിയിലെ കമ്പ്യൂട്ടർ ജോലികൾ കുറഞ്ഞ ശമ്പളത്തിൽ ചെയ്യിക്കാൻ പ്രമുഖ കമ്പനികൾ ഇന്ത്യക്കാരായ കുടിയേറ്റക്കാരെയാണ് ആശ്രയിച്ചിരുന്നത്.
ഗൂഗിൾ പോലുള്ള വമ്പൻ കമ്പനികൾ വരെ ട്രംപിന്റെ തീരുമാനത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. കൊവിഡ് ദുരന്തത്തിൽ ജോലി നഷ്ടപ്പെട്ട അമേരിക്കൻ പൗരന്മാരെ സഹായിക്കാനാണ് ഈ തീരുമാനമെന്നാണ് ട്രംപിന്റെ വാദം.
വലിയ വൈദഗ്ദ്ധ്യം ആവശ്യമില്ലാത്ത ചെറിയ തൊഴിലവസരങ്ങൾ അമേരിക്കയിൽ എപ്പോഴുമുണ്ട്. ശമ്പളം കുറവായതിനാൽ അമേരിക്കൻ പൗരന് ഇതിൽ താത്പര്യം കുറവാണ്. അതേസമയം കുടിയേറുന്നവർ ഏതു തൊഴിലും ചെയ്യാൻ ഒരുക്കവുമാണ്. ഇങ്ങനെയുള്ള അവസരങ്ങളും ഇന്ത്യക്കാർക്ക് വിസ നിരോധനത്തിലൂടെ നഷ്ടപ്പെടും.
കൊവിഡ് അനന്തര കാലത്ത് സൈബർ സെക്യൂരിറ്റി, ഓൺലൈൻ വിദ്യാഭ്യാസം, വാക്സിൻ ഗവേഷണം തുടങ്ങിയ മേഖലകളിൽ നിരവധി അവസരങ്ങളാകും ഉയർന്ന് വരിക. ഇന്ത്യാക്കാരായ തൊഴിൽ അന്വേഷകർ ആവശ്യമായല്ല, അനിവാര്യമായി മാറിയേക്കാം. അതിനാൽ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞ് നയത്തിൽ മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയിൽ നിന്ന് വിസയ്ക്ക് അപേക്ഷിച്ചിട്ടുള്ളവർ. കൊറോണയുടെ വ്യാപനം ശമിക്കുന്നതിനെ കൂടി ആശ്രയിച്ചിരിക്കും ഇതെല്ലാം.