ട്രംപിന്റെ ദേശീയഉപദേഷ്ടവായിരുന്ന ജോൺ ബോൾട്ടൺ എഴുതിയ 'ദ് റൂം വേർ ഇറ്റ് ഹാപ്പൻഡ്" എന്ന പുസ്തകം അമേരിക്കയിൽ വലിയ ചർച്ചാവിഷയമായിരിക്കുകയാണ്. വൈറ്റ് ഹൗസിൽ പ്രസിഡന്റിന്റെ ഓവൽ ഓഫീസിനെയാണ് 'മുറി" എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
പുസ്തകത്തിന്റെ പ്രകാശനം തടയാൻ ട്രംപ് ഗവൺമെന്റ് ശ്രമിച്ചെങ്കിലും നടന്നില്ല. പുസ്തകം നേരത്തെ തന്നെ പലരുടെയും കൈയിൽ എത്തിയിരുന്നു.
ട്രംപിനെ തികച്ചും പരിഹാസ്യനായി ചിത്രീകരിക്കുന്നതാണ് പുസ്തകം. ട്രംപിന് വിവരമില്ലെന്ന് ബോൾട്ടൺ തുറന്ന് പറഞ്ഞിരിക്കുകയാണ്.
''ട്രംപിന് വീണ്ടും അധികാരത്തിൽ വരുന്നതിൽ മാത്രമാണ് ശ്രദ്ധ. അല്ലാതെ പ്രധാന രാജ്യകാര്യങ്ങളിൽ തീരുമാനം എടുക്കുന്നതിലല്ല - ബോൾട്ടൺ ചൂണ്ടിക്കാട്ടുന്നു.
ഇറാനും ഉത്തര കൊറിയയും ബോംബിട്ടു തകർക്കണമെന്നാണ് പുസ്തകമെഴുതിയ ബോൾട്ടന്റെ അഭിപ്രായം. കിം ജോംഗ് ഉന്നുമായി ട്രംപ് നടത്തിയ കൂടിക്കാഴ്ചയും ബോൾട്ടണ്‍ പിടിച്ചിട്ടില്ല.
അഭിപ്രായഭിന്നതകൾ കൂടിയതോടെ കഴിഞ്ഞ സെപ്തംബറിലാണ് ട്രംപ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനത്തു നിന്ന് ബോൾട്ടണെ പുറത്താക്കിയത്.
പുസ്തകം മുഴുവൻ നുണയാണെന്നും പിരിച്ചുവിടുന്നതുവരെ തന്നെപ്പറ്റി ഒരക്ഷരം മോശമായി ബോൾട്ടൺ പറഞ്ഞിട്ടില്ലെന്നും ട്രംപ് ചൂണ്ടിക്കാട്ടുന്നു.