crime

നെടുമങ്ങാട്: ബൈക്കിനു സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുണ്ടായ ഏറ്റുമുട്ടലിൽ നിന്ന് രക്ഷപ്പെടാൻ കാർ യാത്രക്കാരായ ദമ്പതികൾ അഭയം തേടിയ വീടിനു നേരെ കല്ലേറും അക്രമവും. ചുള്ളിമാനൂർ ചെറുവേലിയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. ചെറുവേലി റോഡരികത്തു റാഹിലാ സലീമിന്റെ വീടിനു നേരെയാണ് അക്രമമുണ്ടായത്. കമ്പും കല്ലേറുമായി കൊലവിളി നടത്തിയ അഞ്ചംഗ സംഘത്തെ നെടുമങ്ങാട് സി.ഐ രാജേഷ് കുമാറും എസ്.ഐ സുനിൽ ഗോപിയും പിന്തുടർന്ന് പിടികൂടി. ആനാട് വാഴോട്ടുകോണം വീട്ടിൽ എസ്. നന്ദഗോപൻ (27), ചെറുവേലി ഊറ്റുകുഴി വീട്ടിൽ സി. സജീഷ് (39), പനയമുട്ടം തെറ്റിമൂട് ഷാജു ഭവനിൽ എസ്. സച്ചു (25), നാഗച്ചേരി ജയാ ഭവനിൽ യു. അരുൺ (28), നാഗച്ചേരി കല്ലടക്കുന്നിൽ എം. അരുൺ (21) എന്നിവരാണ് പിടിയിലായത്. വഞ്ചുവം സ്വദേശി ഷെഹിൻഷാ,​ ഭാര്യ ആമിന,​ രണ്ടും ഒന്നും വയസുള്ള മക്കളുമായി ചെറുവേലിയിലെ ബന്ധുവീട്ടിലേക്ക് പോകവേ, രണ്ട് ബൈക്കിലായി എത്തിയ സച്ചുവും കൂട്ടരും കാറിനെ മറികടക്കാൻ ശ്രമിച്ചു. ഹോൺ മുഴക്കിയിട്ടും സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കാറിനു മുന്നിൽ ബൈക്കുകൾ നിറുത്തി കുടുംബാംഗങ്ങളെ പിടിച്ചിറക്കി മർദ്ദിച്ചെന്നാണ് പരാതി. കൈയേറ്റത്തിൽ നിന്ന് രക്ഷപ്പെടാനാണ് റാഹിലാ സലീമിന്റെ വീട്ടിൽ ഓടിക്കയറിയതെന്ന് ഷെഹിൻഷാ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. വടികളുമായി പിന്നാലെയെത്തിയ സംഘം വീട്ടുകാരെ അസഭ്യം വിളിച്ചു. വാതിൽ തുറക്കാത്തതിനാൽ മുൻവശത്തെ ഗ്രില്ലിനിടയിലൂടെ കല്ലെറിഞ്ഞു. സംഘർഷത്തെ തുടർന്ന് പരിസരവാസികൾ തടിച്ചുകൂടിയതോടെ അക്രമികൾ രക്ഷപ്പെടുകയായിരുന്നു. എസ്.ഡി.പി.ഐ പ്രവർത്തകനാണ് ഷെഹിൻഷാ. ഇയാളുമായുള്ള മുൻവൈരാഗ്യമാണ്‌ അക്രമത്തിൽ കലാശിച്ചതെന്ന് ആരോപണമുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് ചുള്ളിമാനൂരിൽ എസ്.ഡി.പി.ഐ പ്രകടനം നടത്തി. എന്നാൽ കാറിൽ ആയുധങ്ങൾ നിറച്ചുവന്ന എസ്.ഡി.പി.ഐക്കാരുമായി ഉച്ചയോടെ ടോൾ ജംഗ്‌ഷനിലുണ്ടായ തർക്കമാണ് അക്രമത്തിനിടയാക്കിയെതെന്ന് പ്രാദേശിക സി.പി.എം പ്രവർത്തകർ പറഞ്ഞു. ടോൾ ജംഗ്‌ഷനിലെ തർക്കത്തിനിടെ ഡി.വൈ.എഫ്.ഐ മേഖലാ ട്രഷറർ അരുണിനെ കാറിലെത്തിയ സംഘം മർദ്ദിച്ചെന്നും വൈകിട്ട് ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി നിഖിൽ പ്രസന്നനെ ചുള്ളിമാനൂർ ജംഗ്‌ഷനിൽ തടഞ്ഞെന്നും ഇവർ ചൂണ്ടിക്കാട്ടി. സംഘർഷാവസ്ഥ കണക്കിലെടുത്ത് ഡിവൈ.എസ്‌.പിയുടെ നേതൃത്വത്തിൽ സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.