ന്യൂഡൽഹി: ലോക്ക്ഡൗണിന് മുമ്പത്തെ നിലയിലേക്ക് തിരിച്ചുകയറി ഡിജിറ്റൽ പേമെന്റുകൾ. യൂണിഫൈഡ് പേമെന്റ് ഇന്റർഫേസ് (യു.പി.ഐ) വഴിയുള്ള ഡിജിറ്റൽ പേമെന്റുകൾ ലോക്ക്ഡൗൺ മൂലം ഏപ്രിലിൽ 60 ശതമാനം ഇടിഞ്ഞിരുന്നു. 1.51 ലക്ഷം കോടി രൂപ മതിക്കുന്ന 99 കോടി ഇടപാടുകളാണ് ഏപ്രിലിൽ നടന്നത്. എന്നാൽ, ജൂണിൽ 28 വരെയുള്ള കണക്കുപ്രകാരം നടന്നത് 142 കോടി ഇടപാടുകളാണ്. മൂല്യം 2.31 ലക്ഷം കോടി രൂപയും. മേയിൽ 2.18 ലക്ഷം കോടി രൂപ മതിക്കുന്ന 123 കോടി ഇടപാടുകളും നടന്നുവെന്ന് നാഷണൽ പേമെന്റ്‌സ് കോർപ്പറേഷൻ ഒഫ് ഇന്ത്യ (എൻ.പി.സി.ഐ) വ്യക്തമാക്കി.
ഡെബിറ്ര്/ക്രെഡിറ്ര് കാർഡുകൾ അടിസ്ഥാനമാക്കിയുള്ള പേമെന്റുകൾ ലോക്ക്ഡൗണിന് മുമ്പത്തെ 70-80 ശതമാനത്തിലേക്ക് തിരിച്ചെത്തിയെന്ന് ആക്‌സിസ് ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, എസ്.ബി.ഐ കാർഡ്‌സ്, ആർ.ബി.എൽ ബാങ്ക് എന്നിവ വ്യക്തമാക്കി.
യു.പി.ഐ ഇടപാടുകൾ
(ലക്ഷം കോടിയിൽ)
ഫെബ്രുവരി : ₹2.22
ഏപ്രിൽ : ₹1.51
മേയ് : ₹2.18
ജൂൺ : ₹2.31
മുന്നേറുന്ന ഇടപാട്
1. യൂട്ടിലിറ്രി പേമെന്റുകൾ
2. മൊബൈൽ റീചാർജ്
3. ഓൺലൈൻ ഗ്രോസറി
4. ഇ-ഷോപ്പിംഗ്
5. നികുതി അടയ്ക്കൽ