തൊടുപുഴ: കോൺഗ്രസിന്റെ പകരം വയ്ക്കാനാകാത്ത ദേശീയ നേതാവായിരുന്നു ലീഡർ കെ. കരുണാകരനെന്ന് ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു. ലീഡറുടെ ഒമ്പതാമത് ചരമവാർഷികത്തോടനുബന്ധിച്ച് ഇടുക്കി ഡി.സി.സിയുടെ നേതൃത്വത്തിൽ തൊടുപുഴ രാജീവ് ഭവനിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാവങ്ങളുടെയും തൊഴിലാളികളുടെയും മോചനത്തിനുവേണ്ടി അദ്ദേഹം പോരാടി. ദേശീയ നേതൃത്വത്തിലും കേരള മുഖ്യമന്ത്രിയായും കേന്ദ്രമന്ത്രിയായും പ്രവർത്തിച്ചിട്ടുള്ള ലീഡറുടെ സംഭാവനകൾ കേരളത്തിന്റെ പുരോഗതിക്കും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വളർച്ചയ്ക്കും ഏറെ സഹായിച്ചുണ്ട്. എക്കാലവും മതേതര ജനാധിപത്യ ശക്തികൾക്കൊപ്പം നിലയുറപ്പിച്ചിട്ടുള്ള നേതാവായിരുന്നു ലീഡർ. ഡി.സി.സി ട്രഷറർ ഇന്ദു സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ റോയി കെ. പൗലോസ്, അഡ്വ. എസ്. അശോകൻ, എം.കെ. പുരുഷോത്തമൻ, കെ.വി. സിദ്ധാർത്ഥൻ, എൻ.ഐ. ബെന്നി, ലീലാമ്മ ജോസ്, വി.ഇ. താജ്ജുദ്ദീൻ, ജോസ് അഗസ്റ്റ്യൻ, സി.പി. കൃഷ്ണൻ, ബേബി ചീമ്പാറ, ജാഫർഖാൻ മുഹമ്മദ്, എ.എം. ദേവസ്യ, നിഷ സോമൻ എന്നിവർ പ്രസംഗിച്ചു.