തൊടുപുഴ : ഇന്ന് മുതൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി സർക്കാർ നടത്തുന്ന ഓൺലൈൻ ക്ലാസുകളുടെ പി.ഡി.എഫ് നോട്ടുകൾ കൂടി ലഭ്യമാക്കണമെന്ന് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പി.ശ്യാം രാജ് ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ രണ്ടര ലക്ഷം വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം ലഭ്യമാക്കാനുള്ള യാതൊരു സംവിധാനവുമില്ലെന്നാണ് സർക്കാർ തന്നെ സൂചിപ്പിക്കുന്നത്.ഈയവസരത്തിൽ സ്മാർട്ട് ഫോണുകൾ വാങ്ങാൻ ശ്രമിക്കുന്നതെല്ലാം വലിയ സാമ്പത്തിക ബാധ്യത ഇടവരുത്തും അതു കൊണ്ട് തന്നെ യു.പി തലം മുതൽ വിദ്യാർത്ഥികൾക്ക് പി.ഡി.എഫ് നോട്ടുകൾ ലഭ്യമാക്കണം. പല കാരണങ്ങൾ കൊണ്ട് ക്ലാസുകൾ നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ട്. ഈയവസരത്തിൽ ക്ലാസുകളുടെ സി.ഡി തയ്യാറാക്കുകയാണെങ്കിൽ പിന്നീടും അത് ഉപയോഗിക്കാവുന്നതാണ്. പിന്നാക്ക മേഖലകളിലാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടുണ്ടാവുക. ഇവിടങ്ങളിൽ വിദ്യാർത്ഥി, യുവജന സംഘടനകളുടെ സഹായത്തോടെ കമ്യൂണിറ്റി ഹാളുകൾ, ലൈബ്രറികൾ, ക്ലബ്ബുകൾ എന്നിവിടങ്ങളിൽ സാമൂഹിക അകലം പാലിച്ചുകൊണ്ട് ക്ലാസുകൾ ലഭ്യമാക്കേണ്ടതുണ്ടെന്ന് ശ്യാം രാജ് പറഞ്ഞു.