തൊടുപുഴ: വഴിയോരകച്ചവടത്തിന്റെ മറവിൽ നിലവാരമില്ലാത്ത പഴങ്ങളുടെയും പച്ചക്കറികളുടെയും വിൽപ്പന തൊടുപുഴ നഗരത്തിൽ പൊടിപൊടിക്കുന്നു. വമ്പൻവിലക്കുറവുള്ള ബോർഡുകൾ തൂക്കിയാണ് ഇവർ ജനങ്ങളെ വീഴ്ത്തുന്നത്. പൊതുവിപണിയിലേക്കാൾ പകുതി വിലയാണെന്ന് കണ്ട് ഇവ വാങ്ങി വീട്ടിലെത്തുമ്പോഴാകും കബളിപ്പിക്കപ്പെട്ടതായി തിരിച്ചറിയുക. ഭൂരിഭാഗവും ചീഞ്ഞതോ അഴുകിയതോ ആകും. മുന്തിരി, ആപ്പിൾ, ഓറഞ്ച്, തുടങ്ങിയ പഴങ്ങളും കാരറ്റ്, ഉള്ളി, സവാള തുടങ്ങിയ പച്ചക്കറികളുമാണ് ഇത്തരത്തിൽ വിൽക്കുന്നതിലേറെയും. മൊത്തക്കച്ചവടക്കാർ
വിൽക്കാതെ വരുന്ന തിരിവിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന മോശം സാധനങ്ങൾക്കൊപ്പം കുറച്ച് നല്ലവയും ചേർത്താണ് ഇവരുടെ വിൽപ്പന. ഇവ വാങ്ങി കുട്ടികൾക്കും മറ്റും നൽകിയാൽ വിവിധ ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്നത് ഉറപ്പ്. ലോക്ക്ഡൗണായതോടെ കടകൾ തുറക്കായതോടെയാണ് ഇത്തരം കച്ചവടക്കാർ നിരത്തുകളിൽ ഇടംപിടിച്ചത്. പെട്ടിആട്ടോറിക്ഷകളിലും മറ്റും വീടുകളിലെത്തിയും ഇവർ സാധനങ്ങൾ വിറ്റിരുന്നു. ഇത്തരക്കാർ ഒരു തവണ പോകുന്ന വഴി പിന്നെ പോകില്ലാത്തതിനാൽ മോശം സാധനങ്ങൾ വിൽക്കുന്നത് ചോദ്യം ചെയ്യാനും പലപ്പോഴും കഴിയാറില്ല. നഗരസഭയുടെയോ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയോ ആരോഗ്യവകുപ്പിന്റെയോ ഒന്നും അനുമതിയില്ലാതെയാണ് വഴിയോരകച്ചവടം. നേരത്തെ വഴിയോരങ്ങളിൽ ഇത്തരത്തിൽ ചീഞ്ഞ മീൻ വിറ്റിരുന്നത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന ശക്തമായതോടെ കുറഞ്ഞിരുന്നു. എന്നാൽ ഈ അനധികൃത കച്ചവടസ്ഥാപനങ്ങളിൽ ഒരു പരിശോധനയും അധികൃതർ നടത്തുന്നുമില്ല. അമ്പലം ബൈപ്പാസ്, ജിനദേവൻ റോഡ്, കോതായിക്കുന്ന് റോഡ്, ന്യൂമാൻ കോളേജ് റോഡ്, പാലാ റോഡ് തുടങ്ങിയ നിരത്തുകളെല്ലാം ഇത്തരം കച്ചവടക്കാരെക്കൊണ്ട് നിറഞ്ഞു. ചിലർ ഇത് സ്ഥിരം തട്ടുകളാക്കി മാറ്റി. ലോക്ക്ഡൗൺ ഇളവുകളെ തുടർന്ന് നിരത്തുകൾ സജീവമായതോടെ റോഡും നടപ്പാതയും കൈയേറിയുള്ള വഴിവാണിഭം കാൽനടയാത്രക്കാർക്കും വാഹനയാത്രികർക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.