തൊടുപുഴ: രാവിലെ 8.30ന് ഫസ്റ്റ്ബെൽ മുഴങ്ങി, അമ്മ രണ്ടാം ക്ലാസുകാരൻ അമ്പാടിയെ പൊക്കിയെടുത്ത് ടി.വിക്ക് മുന്നിലിരുത്തി. അതുവരെ കൊച്ചു ടി.വി മാത്രം കണ്ടുശീലിച്ച അവൻ പുതിയ ചാനൽ കണ്ട് അന്തംവിട്ടു.- വിക്ടേഴ്സോ...അതേത് ചാനൽ. ആദ്യം പാട്ടുകാരി ചിത്രയുടെ വക ഉഗ്രൻ പാട്ട്. അത് അനങ്ങാതെ അവൻ കേട്ടിരുന്നു. അതുകഴിഞ്ഞ് ടി.വിയിൽ വൈകിട്ട് വരുന്ന അപ്പൂപ്പൻ ദാ വരുന്നു. ഇന്നെന്താ രാവിലെയെന്നായി അമ്പാടി. പതുക്കെ മുഖ്യമന്ത്രി പ്രസംഗം തുടങ്ങി. ഓൺലൈൻ ക്ലാസിന്റെ പ്രായോഗികത അദ്ധ്യാപകർ നിരീക്ഷിക്കണമെന്നും വിദ്യാർത്ഥികൾ ക്ലാസിൽ പങ്കെടുക്കുന്നുണ്ടെന്നുമൊക്കെ രക്ഷിതാക്കൾ ഉറപ്പാക്കണമെന്നുമൊക്കെ മുഖ്യമന്ത്രി പറയുന്നതുകേട്ടപ്പോൾ സംഗതി അത്ര പന്തിയല്ലെന്ന് അമ്പാടിക്ക് പിടികിട്ടി. പതിയെ അവൻ എഴുന്നേൽക്കാൻ നോക്കി, അമ്മയുണ്ടോ വിടുന്നു. അമ്പാടിയുടെ ഭാഗ്യത്തിന് ആദ്യ ക്ലാസ് പ്ലസ്ടുവിലെ ചേട്ടന്മാരുടെയും ചേച്ചിയുടേതുമായിരുന്നു. അവന് ക്ലാസ് ഉച്ചയ്ക്കായിരുന്നു. അതോടെ അവൻ അമ്മയെ വെട്ടിച്ച് പുറത്തേക്ക് കളിക്കാനോടി.

അങ്ങനെ കുട്ടികളെ പഠിപ്പുമുടക്കി വീട്ടിലിരുത്തിയ കൊവിഡിനെ തോൽപ്പിച്ച് ഓൺലൈൻ ക്ലാസുകൾക്ക് തുടക്കമായി. വിക്ടേഴ്സ് ചാനലും യുട്യൂബും വഴിയാണ് സർക്കാർ- എയ്ഡഡ് സ്കൂളിൽ ക്ലാസുകൾ തുടങ്ങിയതെങ്കിൽ അൺഎയ്ഡഡ് സ്കൂളുകളിൽ വീഡിയോ കാൾ ആപ്പുകൾ വഴിയായിരുന്നു പഠനം. ആദ്യ ദിനം തന്നെ ഓൺലൈൻ ക്ലാസുകൾക്ക് നല്ല പ്രതികരണമാണ് ലഭിച്ചത്. ചെറിയ ക്ലാസിലെ കുട്ടികൾക്കുള്ള ക്ലാസ് നടക്കുമ്പോൾ വീട്ടിൽ രക്ഷിതാക്കളുടെ മേൽനോട്ടം വേണമെന്ന് മാത്രം. ഓരോ ക്ലാസുകൾക്കും മുൻകൂട്ടി പ്രസിദ്ധീകരിച്ച ടൈംടേബിൾ പ്രകാരം നിശ്ചിതസമയമുണ്ട്. രാത്രിയിലും ശനി, ഞായർ ദിവസങ്ങളിലും ക്ലാസുകൾ പുനഃസംപ്രേക്ഷണം ചെയ്യും. വിക്ടേഴ്‌സിന്റെ വെബ്‌സൈറ്റിലൂടെയും യൂട്യൂബ് ചാനലിലൂടെയും ഫേസ്ബുക്ക് പേജിലൂടെയും ക്ലാസിൽ പങ്കെടുക്കാൻ കഴിയും.

പ്ലസ് വൺ ഒഴികെ ഒന്ന് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകൾക്ക് രാവിലെ എട്ടര മുതൽ വൈകിട്ട് അഞ്ചര വരെയാണ് ക്ലാസുകൾ. പ്ലസ്ടുവിന് രണ്ട് മണിക്കൂറും പത്താം ക്ലാസിന് ഒന്നര മണിക്കൂറും മറ്റ് ഹൈസ്‌കൂൾ ക്ലാസുകൾക്ക് ഒരു മണിക്കൂറും പ്രൈമറി ക്ലാസുകൾക്ക് അര മണിക്കൂറുമായിരിക്കും ഒരു ദിവസം ക്ലാസ്.

ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികളെ കണ്ടെത്താനും ബദൽ സൗകര്യമൊരുക്കാനും സ്‌കൂൾ ഹെഡ്മാസ്റ്റർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസിലുള്ള വിദ്യാലയങ്ങളിലും ഓൺലൈൻ ക്ലാസുകൾ തുടങ്ങി. കേന്ദ്രീയ വിദ്യാലയങ്ങളിൽ ഓരോ കുട്ടിക്കും രണ്ട് മണിക്കൂർ വരെ പങ്കെടുക്കാവുന്ന രീതിയിൽ നേരത്തെ ക്ലാസ് ആരംഭിച്ചിരുന്നു. സൂം, ഗൂഗിൾ മീറ്റ് തുടങ്ങിയ വീഡിയോ കാളിംഗ് ആപ്ലിക്കേഷനുകൾ ഉപയോഗിച്ചായിരുന്നു ഇവിടെ ക്ലാസുകൾ.

 ഡി.ടി.എച്ചുകളിൽ വിക്ടേഴ്സ് ചാനൽ

വീഡിയോകോൺ ഡി2എച്ച്- 642
ഡിഷ് ടി.വി- 642
സൺ ഡയറക്ട്- 642
ഏഷ്യാനെറ്റ് ഡിജിറ്റൽ- 411
ഡെൻ നെറ്റ്‌വർക്ക്- 639
കേരളാ വിഷൻ- 42

 victers.kite.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ തത്സമയം കാണാം.

 ഗൂഗിൾ പ്ലേ സ്റ്റോറിൽ വിക്ടേഴസിന്റെ ആപ്പ് ലഭ്യമാണ്

 യൂട്യൂബ് ചാനൽ കിട്ടാൻ ITSVICTERS

 ഫെയ്സ്ബുക്കിൽ കാണാൻ facebook.com/Victers educhannel