deen

ചെറുതോണി: യൂത്ത് ആഗ്രോമിഷൻ പദ്ധതിക്ക് വാഴത്തോപ്പിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി നിർവ്വഹിച്ചു. ഇടുക്കി കെയർ ഫൗണ്ടേഷൻ എന്ന സൊസൈറ്റിയാണ് പദ്ധതിക്ക് ഇടുക്കി പാർലമെന്റ് തലത്തിൽ നേതൃത്വം നൽകുന്നത്. 20 അംഗങ്ങളെ ചേർത്ത് പഞ്ചായത്ത് തലത്തിൽ രൂപീകരിക്കുന്ന യൂണിറ്റുകളാണ് അതാത് പ്രദേശത്തെ കാർഷിക പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നത്. തരിശുഭൂമികൾ കണ്ടെത്തിയും ലാഭകരമല്ലാത്തതിനാൽ കൃഷി ചെയ്യാതെ കർഷകരുടെ കൈവശത്തിലിരിക്കുന്നതുമായ കൃഷിയിടങ്ങളിലും യുവാക്കളുടെ സഹായത്തോടെ പുതുതായി കൃഷിയിറക്കുകയാണ് ലക്ഷ്യമെന്ന് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് ചെയർമാൻ കൂടിയായ ഡീൻകുര്യാക്കോസ് എം.പി പറഞ്ഞു. കൃഷിക്കാവശ്യമായ വിത്തുകളും മറ്റ് സാങ്കേതിക സഹായങ്ങളും ആഗ്രോമിഷൻ നൽകും. നെല്ല് വാഴ, മരച്ചീനി, പച്ചക്കറി ഇനങ്ങൾ എന്നിവയാണ് പ്രധാനമായും കൃഷിചെയ്യാൻ ഉദ്ദേശിക്കുന്നത്. വാഴത്തോപ്പ് മണിയാറൻകുടി പാടശേഖരത്ത് നടന്ന ഉദ്ഘാടന ചടങ്ങിൽ ഫൗണ്ടേഷൻ യൂണിറ്റ് പ്രസിഡന്റ് പി.ഡി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. റോഷി അഗസ്റ്റിൻ എം.എൽ.എ മുഖ്യസന്ദേശം നൽകി. ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, മണിയാറൻകുടി പള്ളിവികാരി ഫാ. ജിൻസ് കാരക്കാട്ട്, പഞ്ചായത്ത് പ്രസിഡന്റ് സെലിൻ വി.എം, വൈസ് പ്രസിഡന്റ് കെ.എം ജലാലുദീൻ,എ.പി ഉസ്മാൻ, എം.ഡി അർജുനൻ, റോയി ജോസഫ്, ജോയി വർഗ്ഗീസ്, ആൻസി തോമസ്, റിൻസി സിബി, ഷിജോ തടത്തിൽ, റീത്ത സൈമൺ, ആലീസ് ജോസ്, സിബി മാത്യുസി.പി സലിം, മുജീബ് റഹ്മാൻ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.