മഴക്കാലത്ത് വെള്ളപ്പൊക്കം പതിവ്
അന്തിമ തീരുമാനം കലക്ടറുടേത്
കട്ടപ്പന: പതിനെട്ട് വർഷം മുമ്പ് നിർമ്മിച്ച് പൊല്ലാപ്പിലായ ചെക്ക്ഡാം പൊളിച്ചുനീക്കാൻ നടപടിയാകുന്നു. വലിയ പ്രതീക്ഷയോടെ നിർമ്മിച്ച് വുപരീതഫലം ഉണ്ടായി നാട്ടുകാരെ 'വെള്ളത്തിലാക്കി'യ ഈട്ടിത്തോപ്പ് ഈറ്റക്കാനത്തെ ചെക്ക്ഡാമാണ് പൊളിക്കുന്നത്. കലക്ടറുടെ അനുമതി കൂടി ലഭിച്ചാൽ ജലസേചന വകുപ്പ് നിർമിച്ച ചെക്ക്ഡാം പൊളിച്ചുനീക്കും. തടയണയുടെ നിർമാണത്തിലെ അപാകതമൂലം മഴക്കാലത്ത് ഇവിടെ വെള്ളപ്പൊക്കം പതിവാണ്. 2002ൽ കാർഷിക ആവശ്യങ്ങൾക്കായി നിർമിച്ച തടയണയിൽ മഴക്കാലത്ത് ചെളിയും മണലും അതിവേഗം നിറയുന്നതോടെ സമീപപ്രദേശങ്ങൾ വെള്ളത്തിനടിയിലാകും. കഴിഞ്ഞവർഷം പ്രദേശവാസികളുടെ ഏക്കറുകണക്കിനു പുരയിടങ്ങളിൽ വെള്ളം കയറി കൃഷിനാശം സംഭവിച്ചിരുന്നു. വീടുകളിലും വെള്ളം കയറി നാശനഷ്ടമുണ്ടായതോടെയാണ് തടയണ പൊളിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തിയത്.
ഈട്ടിത്തോപ്പ് ആറിനു കുറുകെയുള്ള തടയണയുടെ നിർമാണവേളയിൽ തന്നെ നാട്ടുകാർക്ക് അതൃപ്തിയുണ്ടായിരുന്നു. നിർമാണത്തിലെ അപാകത മൂലം മൂലം തടയണയുടെ വശങ്ങളിലെ കൽക്കെട്ടുകൾ വർഷങ്ങൾക്കുമുമ്പേ തകർന്നു. ഇരട്ടയാർ അണക്കെട്ട് തുറക്കുമ്പോൾ വെള്ളം ഒഴുകിപ്പോകുന്നത് ഈട്ടിത്തോപ്പ് ആറിലൂടെയാണ്. നിലവിൽ തടയണയുടെ ഉൾവശം ചെളിയും മണ്ണും അടിഞ്ഞ നിലയിലാണ്. ഇവ നീക്കിയാലും മഴക്കാലത്ത് വീണ്ടും പഴയപടിയാകും.
തടയണയുടെ അടിവശത്ത് ചെളിയും മണ്ണും ഒഴുകിപ്പോകാൻ ചെറിയ ഹോളുകൾ മാത്രമാണുള്ളത്. ചെളിയും മണ്ണും പാറക്കഷ്ണങ്ങളും വന്നടിയുമ്പോൾ ഇതു വേഗത്തിൽ അടയും
. തടയണയുടെ സംരക്ഷണഭിത്തിയും വശങ്ങളും തകർന്ന നിലയിലാണ്. കാലവർഷത്തിൽ സമീപത്തുകൂടിയുള്ള പഞ്ചായത്ത് റോഡിൽ വെള്ളം കയറുന്നതോടെ ഗതാഗതവും തടസപ്പെടുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് ഇരട്ടയാർ പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കി കലക്ടർക്ക് സമർപ്പിച്ചിരുന്നു. തുടർന്ന് കലക്ടർ ജലസേചന വകുപ്പിനോടു പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം അസിസ്റ്റന്റ് എക്‌സിക്യൂട്ടീസ് എൻജിനീയറുടെ നേതൃത്വത്തിൽ തടയണ സന്ദർശിച്ചിരുന്നു. ഇതു സംബന്ധിച്ച റിപ്പോർട്ട് എക്‌സിക്യൂട്ടീവ് എൻജിനീയർ ഇന്ന് കലക്ടർക്ക് സമർപ്പിക്കും.