മറയൂർ: ചരിത്രത്തിന്റെയും സംസ്ക്കാരത്തിന്റെയും തിരുശേഷിപ്പുകൾക്ക് മേൽ സാമൂഹ്യവിരുദ്ധരുടെ പരാക്രമങ്ങൾ കൂടുന്നു. മറയൂരിലെ മുനിയറകളാണ് സാമുഹ്യ വിരുദ്ധരുടെ വിളയാട്ടത്തിൽ നശിക്കുന്നത്. ഇവിടെ ആയിരത്തിഅഞ്ഞൂറോളം മുനിയറകൾ നിലനിന്നിരുന്നിടത്ത് ഇപ്പോൾ അവശേഷിക്കുന്നത് അഞ്ഞൂറിൽ താഴെ മാത്രം. കാന്തല്ലൂർ പഞ്ചായത്തിലെ പൊങ്ങംപള്ളി ആദിവാസികുടിക്ക് സമീപമുള്ള മുനിയറ കഴിഞ്ഞ ദിവസം സാമുഹിക വിരുദ്ധർ തകർത്തിരുന്നു. മൂവായിരം മുതൽ ആറായിരത്തിലധികം വർഷം പഴക്കമുള്ളതൂം നവീനശിലായുഗ ചരിത്രം ആലേഖനം ചെയ്തിട്ടുള്ളതുമായ മറയൂരിലെ മുനിയറകളോടെയും ഗുഹാചിത്രങ്ങളുടെയും സംരക്ഷണത്തിനായി പുരാവസ്തു വകുപ്പോ ബന്ധപ്പെട്ട അധികാരികളോ യാതൊരു നടപടികളും സ്വീകരിക്കുന്നില്ല എന്ന ആരോപണം ശക്തമാണ്. വാച്ചർമാരെ നിയമിച്ചിട്ടുണ്ടെങ്കിലും ഇവരും കാര്യക്ഷമമായി നിരീക്ഷിക്കാറില്ല. പ്രദേശം മദ്യപാനത്തിനും അനാശാസത്തിനുമുളള ഇടമായി മാറി. മദ്യക്കുപ്പികൾ പാറപ്പുറത്ത് അടിച്ച് പൊട്ടിക്കലും പതിവാണ്. മറയൂർ കാന്തല്ലൂർ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന മുനിയറകളുടെ ചരിത്രം 1967 ട്രാവൻകൂർ സ്റ്റഡീസിൽ രേഖപെടുത്തിയിട്ടുണ്ട് കോവിൽക്കടവ് ഭാഗത്തെ പാമ്പാറിന്റെ തീരങ്ങൾ, പൊങ്ങംപള്ളി, കോട്ടക്കുളം, മുരുകൻ മല, എന്നിവിടങ്ങളിലായി ആറായിരത്തിലധികം മുനിയറകൾ ഉള്ളതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് സാംസ്‌കാരികമായി ഉന്നത നിലവാരം പുലർത്തിയിരുന്ന ജനത വസിച്ചിരുന്നു എന്നതിന്റെ കൂടി തെളിവാണ് മറയൂർ, കാന്തല്ലൂർ മേഖലകളിലെ മുനിയറകളും ഗുഹാചിത്രങ്ങളും.
വിനോദ സഞ്ചാരമേഖലയായി...
ബ്രിട്ടണിലെ സ്റ്റോൺ ഹെഞ്ച്കൾക്കും ഇതേ കാലപ്പഴക്കവും സമാനമായ മാതൃകയുമാണ് ഉള്ളത്. മരണത്തെ തുടർന്ന് അവർ ഉപയോഗിച്ചിരുന്ന വസ്തുക്കൾ വലിയ മൺ പാത്രങ്ങളിലാക്കി മുനിയറകളുടെ അടിയിൽ പാറക്കടിയിൽ വച്ച ശേഷമാണ് മുകളിലെ പാറകൾ കൊണ്ട് വീടിന്റെ മാതൃകയിൽ നിർമ്മിച്ചിരിക്കുന്നത്. ചരിത്ര പ്രധാനമായ ഇവിടെ സ്മാരകങ്ങൾ സന്ദർശിക്കാനവസരം ഒരുക്കുന്നത് കൂടാതെ മലമുകളിൽ നിന്നും ചുറ്റിനുമുള്ള പ്രകൃതി മനോഹാരിത കാഴ്ച ആസ്വദിക്കാനും നല്ലൊരു വ്യൂപോയിന്റും കൂടിയാണ്. സ്മാരകങ്ങളെ പഞ്ചായത്ത് പോലെയുള്ള സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിൽ പദ്ധതികൾ തയ്യാറാക്കി നടപ്പിലാക്കിയാൽ നാടിന്റെ വികസനത്തിനും വിനോദ സഞ്ചാരമേഖലയുടെ വളർച്ചക്കും ഉതകും.