തൊടുപുഴ: സംസ്ഥാനവ്യാപകമായി ഓൺലൈനായി പഠനം ആരംഭിച്ചപ്പോൾ ഇതൊക്കെ അന്യമായ ഒരു വിഭാഗം ജില്ലയിലുണ്ട്. ഇനിയും വൈദ്യുതിയും മൊബൈൽ ഫോണുകളുമൊന്നുമെത്താത്ത ഇടമലക്കുടി പോലുള്ള ആദിവാസി മേഖലകളിലെ കുട്ടികൾ ഓൺലൈൻ ക്ലാസുകളെക്കുറിച്ച് കേട്ടിട്ട് പോലുമില്ല. ഇവരുടെ കൈകളിൽ ആൺഡ്രോയിഡ് ഫോണുകളും ലാപ്‌ടോപ്പും ടാബും ഒന്നുമില്ല. ഇതൊക്കെ ഉണ്ടായിരുന്നാലും കാര്യമില്ല അവിടെ നെറ്റ് വർക്ക് കവറേജും ലഭ്യമല്ല. ഇത്തരം മേഖലകളിലെ ഏകാദ്ധ്യാപക വിദ്യാലയങ്ങളിലെ അദ്ധ്യാപകരും ആശങ്കയിലാണ്. ജില്ലയിൽ 72 ഏകാദ്ധ്യാപക വിദ്യാലയങ്ങളാണ് ഉള്ളത്. അദ്ധ്യാപകർ ഇവിടങ്ങളിൽ നടത്തിയ അന്വേഷണത്തിൽ ഭൂരിഭാഗം വീടുകളിലും ഇന്റർനെറ്റ് സൗകര്യങ്ങളോ എന്തിന് ടി.വി പോലുമോ ഇല്ല. എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ സൗകര്യമൊരുക്കണമെന്ന് സർക്കാർ നിർദേശമുണ്ടെങ്കിലും ഇവർക്ക് എങ്ങനെ സൗകര്യങ്ങൾ ഒരുക്കുമെന്ന ആശയക്കുഴപ്പത്തിലാണ് ഈ അദ്ധ്യാപകർ. 20ൽ താഴെ കുട്ടികളാണ് ഭൂരിഭാഗം വിദ്യാലയങ്ങളിലും ഉള്ളത്. അതിൽ കൂടുതൽ വിദ്യാർത്ഥികളുള്ളത് ചുരുക്കം സ്ഥലങ്ങളിൽ മാത്രമാണ്. ഏതെങ്കിലും പൊതു കേന്ദ്രങ്ങളിൽ കൊവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് കുട്ടികൾക്ക് ക്ലാസുകൾ കാണുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നാണ് അദ്ധ്യാപകർ പറയുന്നത്.