തൊടുപുഴ: കൊവിഡ് കാലത്ത് എല്ലാമേഖലയും പ്രതിസന്ധി നേരിടുമ്പോൾ ഡിജിറ്റൽ വിപണിയിൽ മാത്രം പുത്തനുണർവ്. ലോക്ക്ഡൗണിനെ തുടർന്ന് ഐ. ടി കമ്പനികൾ വർക്ക് ഫ്രം ഹോം രീതി ആരംഭിക്കുകയും സംസ്ഥാനത്ത് പഠനം ഓൺലൈനിലേക്ക് മാറുകയും ചെയ്തതോടെയാണിത്. ലാപ് ടോപ്പിനും ടാബ്‌ലറ്റിനും സ്മാർട്ട് ഫോണിനും ഡിമാൻഡേറി. അതേസമയം ചൈനയിൽ നിന്നുള്ള ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ വരവ് കുറഞ്ഞതോടെ വിപണിയിൽ ഡിജിറ്റൽ ഉത്പന്നങ്ങളുടെ ലഭ്യത കുറവുണ്ട്. റീട്ടെയിൽ സ്റ്റോറുകളിലെന്ന പോലെ ഓൺ ലൈൻ വിപണിയിലും ആവശ്യക്കാരുടെ എണ്ണം ക്രമാതീതമായികൂടിയിട്ടുണ്ട്.

ലോക്ക് ഡൗൺ അവസാനിച്ചാലും കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ഓൺലൈൻ പഠനത്തിനായിരിക്കും ഊന്നൽ. ഐ ടി സ്ഥാപനങ്ങളിലുള്ളവർക്ക് കൂടുതൽ വേഗതയേറിയ ഇന്റർനെറ്റ് ആവശ്യമായതിനാൽ വിവിധ ടെലികോം കമ്പനികളുടെ ബ്രോഡ് ബാൻഡ് കണക്ഷനും അപേക്ഷകർ കൂടുന്നുണ്ട്. ബി.എസ്.എൻ.എല്ലിന്റെയും മറ്റും എഫ്.ടി.ടി.പി കണക്‌ഷനുൾപ്പെടെ ആവശ്യക്കാർ കൂടിയിട്ടുണ്ട്. ഡിജിറ്റൽ വിപണിയിലെ ഉണർവ് പരമാവധി ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് ചെറുതും വലുതുമായുള്ള ഇലക്ട്രോണിക്സ് കടകൾ. മിക്ക വ്യാപാരികളും വായ്പാസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ശരാശരി വിലയിലുള്ള ഉത്പന്നങ്ങൾക്കാണ് ഉപഭോക്താക്കൾ കൂടുതലെന്ന് വ്യാപാരികൾ പറയുന്നു. സെക്കൻഡ് ഹാൻഡ് വിപണിയിലും ലാപ് ടോപ്പിനും ടാബ്‌ലറ്റിനുമെല്ലാം നിരവധി പേർ അന്വേഷിച്ചെത്തുന്നുണ്ട്. ലോക്ക് ഡൗൺ ഇളവ് വന്നതോടെ സർവീസ് സെന്ററുകളിലും നല്ല തിരക്കാണ്. ഓൺലൈൻ പഠനത്തിനിടെ കേടായ ലാപ് ടോപ്പും ടാബ്‌ലറ്റും മറ്റും സർവീസ് ചെയ്യാൻ കൊണ്ടുവരുന്നവരുടെ എണ്ണം വല്ലാതെ കൂടി. സ്പെയർ പാർട്ടുകൾ ആവശ്യത്തിന് ലഭ്യമല്ലാത്തത് തിരിച്ചടിയാകുന്നുണ്ട്. പലർക്കും പറഞ്ഞ സമയത്ത് സർവീസ് ചെയ്തു കൊടുക്കാനാവാത്ത അവസ്ഥയാണ്.

പഴയഫോണാ, എന്തിന്...

ഒരു വീട്ടിൽ ഒരു മൊബൈൽ ഫോൺ ധാരാളമായി കരുതിയരിരുന്ന കാലമൊക്കെ പോയി. ഇപ്പോൾ ഓരോരുത്തർക്കും ഫോൺ ആവശ്യമായി വന്നിരിക്കുകയാണ്. അതും സ്മാർട്ട് ഫോൺ. സി. ബി. എസ്. സി വിദ്യാർത്ഥികൾക്കുൾപ്പടെയുള്ളവർക്ക് സൂം ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതിനാൽ പഴയ വേർഷനിലുള്ള ഫോൺ കൊണ്ടെന്ത്ചെയ്യാൻ. പുതിയവ വാങ്ങുകതന്നെ മാർഗം. കമ്പയിൻ സ്റ്റഡി പോലെയൊന്നും നടക്കില്ല ഒരു ഫോൺ ഒന്നിലധികം കുട്ടികൾക്ക് ഒരേ സമയം ഉപയോഗിക്കുന്നതിലും അസൗകര്യമുള്ളതിനാൽ പാഠപുസ്തകം വാങ്ങുന്ന പോലെ ഒരു സ്മാർട്ട്ഫോണും വാങ്ങുകതന്നെ .