ഇടുക്കി : പെരുവന്താനം ട്രാവൻകൂർ റബ്ബർ ആൻഡ് ടി കമ്പനിയിലെ തൊഴിലാളികൾക്ക് ലഭിക്കാനുള്ള ശമ്പള കുടിശികവ്യാഴാഴ്ച്ച നൽകാൻ ധാരണയായി. ജില്ലാ കളക്ടർ എച്ച്.ദിനേശന്റെ അദ്ധ്യക്ഷതയിൽ ചേംബറിൽ ഇ എസ്.ബിജിമോൾ എം.എൽ.എയുടെ സാന്നിദ്ധ്യയത്തിൽ തൊഴിലാളി സംഘടനാ പ്രതിനിധികളും തോട്ടം അധികൃതരും തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. നാളെ തൊഴിലാളികൾ തോട്ടത്തിൽ ജോലിയ്ക്കിറങ്ങണം. 22 ന് തൊഴിലാളികളുടെ അവധി ആനുകൂല്യവും നല്കും. ശമ്പള പ്രശ്‌നത്തെ തുടർന്ന് ആരംഭിച്ച തൊഴിലാളി സമരം പരിഹരിക്കുന്നതിനാണ് കളക്ടറുടെ മദ്ധ്യസ്ഥതയിൽ ചർച്ചയ്ക്ക് വിളിച്ചത്. ജോലിയിൽ നിന്ന് വിരമിച്ച തൊഴിലാളിയുടെ ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങൾ എന്നു നൽകുമെന്നതു സംബന്ധിച്ച് വ്യാഴാഴ്ച്ച കമ്പനി അധികൃതർ കളക്ടറുമായി ചർച്ച നടത്തും. ജില്ലാ ലേബർ ഓഫീസർ വി.കെ.നവാസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ.സതീഷ് കുമാർ, പ്ലാന്റേഷൻ ഇൻസ്‌പെക്ടർ വി.ജി.ബിജു, കമ്പനി സി.ഇ.ഒ ശിവരാമകൃഷ്ണ ശർമ, പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ബിനു, തൊഴിലാളി യൂണിയൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.