നെടുങ്കണ്ടം: മൈനർസിറ്റിയിൽ ആട്ടോറിക്ഷ ഓടിക്കുന്ന സി.പി. പൗലോസ് കൊവിഡ് വ്യാപനം തടയാൻ ഒരു പുതിയ മാർഗം കണ്ടെത്തി- പ്ലാസ്റ്റിക് മറ. ഡ്രൈവറുടെയും യാത്രക്കാരുടെയും സീറ്റുകൾക്കിടയിലാണ് പ്ലാസ്റ്റിക് ഉപയോഗിച്ച് വേർതിരിച്ചത്. എല്ലാവരും സ്നേഹത്തോടെ സന്തോഷ് എന്ന് വിളിക്കുന്ന ചാലക്കുഴിൽ സി.പി. പൗലോസ് തന്റെ സെന്റ് മേരീസ് ആട്ടോറിക്ഷയിലാണ് നേരിട്ട് സമ്പർക്കമില്ലാതാക്കാനുള്ള വിദ്യ ചെയ്തത്. കൊവിഡ് പകരുമെന്ന പേടിയില്ലാതെ തന്റെ ആട്ടോറിക്ഷയിൽ യാത്ര ചെയ്യാൻ വേണ്ടിയാണ് ഇത്തരത്തിൽ ആട്ടോറിക്ഷ പുതുക്കി പണിതതെന്ന് പൗലോസ് പറയുന്നു. ആട്ടോറിക്ഷയിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും യാത്രകാർക്ക് സാനിറ്റൈസർ നൽകി കൈകൾ അണുവിമുക്തമാക്കും. മാസ്‌ക് ഇല്ലാത്തവർക്ക് നൽകാൻ ആട്ടോറിക്ഷയിൽ പൗലോസ് മാസ്കുകളും സൂക്ഷിച്ചിട്ടുണ്ട്. റിഗിംങ് ഫോർമാനായി കപ്പലിൽ ജോലി ചെയ്തിരുന്ന പൗലോസ് എട്ട് മാസത്തിന്
മുമ്പാണ് സർവ്വീസിൽ നിന്ന് വിരമിച്ചത്. വീട്ടിൽ വെറുതെ ഇരിക്കാൻ ഇഷ്ടമില്ലാത്തതിനാലാണ് ആട്ടോറിക്ഷ വാങ്ങി ഓടിക്കാൻ ആരംഭിച്ചത്. മുൻ പഞ്ചായത്ത് അംഗമായ ഭാര്യ സിസിലി ഷിജി ഇസ്രായേലിൽ ജോലി
ചെയ്യുന്നു. മക്കളായ മനു, മിലൻ, മെൽവിൻ എന്നിവർ വിദ്യാർത്ഥികളാണ്.