തൊടുപുഴ: ജില്ലയിൽ പൂർണ ഗർഭിണിയായ യുവതിക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. ഡൽഹിയിൽ നിന്നെത്തിയ നഴ്‌സായ 29 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇടുക്കി കാമാക്ഷി പഞ്ചായത്തിലെ കാൽവരി മൗണ്ട് സ്വദേശിയായ യുവതി മേയ് 22 നാണ് ഡൽഹിയിൽ നിന്ന് ഭർത്താവിനും ഭർതൃമാതാവിനുമൊപ്പം ട്രെയിനിൽ എറണാകുളത്തെത്തിയത്. തുടർന്ന് മൂന്ന് പേരും ടാക്‌സിയിൽ വീട്ടിലെത്തി. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന യുവതിയെ ഗർഭസംബന്ധമായ അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് 28ന് തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 30നാണ് സ്രവം പരിശോധനയ്ക്കെടുത്തത്. രോഗലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ലെങ്കിലും ഇന്നലെ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇവരെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 34 ആയി. ജില്ലയിൽ ഇപ്പോൾ ഒമ്പത് രോഗികളാണ് ചികിത്സയിൽ ഉള്ളത്.