കട്ടപ്പന: കോവിഡ് സ്ഥിരീകരിച്ച കാൽവരിമൗണ്ടിൽ സമൂഹ വ്യാപനത്തിനു സാദ്ധ്യത കുറവ്. ഡൽഹിയിൽ നഴ്‌സായ യുവതി ഭർത്താവിനും ഭർതൃമാതാവിനൊപ്പം ഹോം ക്വാറന്റീനിലായിരുന്നു. ഈ കാലയളവിൽ ഭർത്താവിന്റെ പിതാവ് വീട്ടിലെത്തിയിരുന്നു. ഇദ്ദേഹത്തെ പൈനാവിലെ ക്വാറന്റിൻ സെന്ററിലേക്കു മാറ്റി. ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയ അടുത്ത ബന്ധുക്കളടക്കം അഞ്ചോളം കുടുംബങ്ങളെ ആരോഗ്യ പ്രവർത്തകർ കണ്ടെത്തി നിരീക്ഷണത്തിലാക്കി. ഇന്നലെ രോഗം സ്ഥിരീകരിച്ചശേഷം ഭർത്താവിനെയും ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് സ്രവം പരിശോധനയ്ക്ക് എടുത്തശേഷം തിരികെ വീട്ടിലെത്തിച്ച് നിരീക്ഷണത്തിലാക്കിയിരുന്നു. ഗർഭിണിയായ യുവതി ഉൾപ്പെടെ മൂന്നുപേർ മേയ് 22നാണ് ഡൽഹിയിൽ നിന്നു ട്രെയിനിലിൽ എറണാകുളത്തെത്തിയത്. തുടർന്ന് ടാക്‌സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. 28ന് യുവതിയെ ഗർഭകാല പരിശോധനയുടെ ഭാഗമായി അമ്മയ്‌ക്കൊപ്പം ഭർത്താവ് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ഗൈനക്കോളജി വിഭാഗത്തിൽ ഡോക്ടർ ഇല്ലാതിരുന്നതിനാൽ ആരോഗ്യ പ്രവർത്തകരുടെ നിർദേശപ്രകാരം തൊടുപുഴയിലെ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സുഹൃത്തിന്റെ കാർ ഓടിച്ച് ഭർത്താവാണ് ഇരുവരെയും തൊടുപുഴയിൽ കൊണ്ടുപോയത്. ഇദ്ദേഹം തിരികെയെത്തി നിരീക്ഷണത്തിൽ തുടരുകയായിരുന്നു.