തൊടുപുഴ: മെ‌ഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്ന് വാങ്ങുന്നതിനിടെ കർഷക കോൺഗ്രസ് നേതാവിനെ കരിമണ്ണൂർ സി.ഐ മർദിച്ചതായി പരാതി. ഉടുമ്പന്നൂർ മണ്ഡലം പ്രസിഡന്റ് ജോർജ് മേച്ചേരിയിലാണ് മർദ്ദനത്തിൽ പരിക്കേറ്റ് തൊടുപുഴയിലെ സ്വകാര്യആശുപത്രിയിൽ ചികിത്സ തേടിയത്. ഞായറാഴ്ച രാത്രി ഏഴോടെ ഉടുമ്പന്നൂർ ടൗണിലെ മെഡിക്കൽ സ്റ്റോറിൽ മരുന്ന് വാങ്ങാനെത്തിയപ്പോൾ യാതൊരു കാരണവുമില്ലാതെ വണ്ടിയിലെത്തിയ സി.ഐ ലാത്തിക്കൊണ്ട് അടിക്കുകയായിരുന്നെന്നാണ് പരാതി. അതേസമയം സമ്പൂർണ ലോക്ഡൗൺ ദിനത്തിൽ കൂട്ടം കൂടി നിന്ന ഇവർ പൊലീസിനെ കണ്ട് ഓടുകയായിരുന്നെന്നും ജോർജിനോട് വിവരം തിരക്കിയശേഷം പറഞ്ഞുവിടുക മാത്രമാണ് ചെയ്തതെന്നും സി.ഐ ശ്രീജേഷ് പറഞ്ഞു.