തൊടുപുഴ: നഗരത്തിലെ വെള്ളക്കെട്ട് യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കാൻ തീരുമാനം. പി.ജെ.ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ മുനിസിപ്പാലിറ്റി, മർച്ചന്റ്‌സ് അസോസിയേഷൻ, പി.ഡബ്യൂ.ഡി, വാട്ടർഅതോറിറ്റി ഉദ്യോഗസ്ഥർ എന്നിവരെ പങ്കെടുപ്പിച്ച് വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനമെടുത്തത്.

ഓടകൾ ശുചീകരിക്കുന്ന ജോലി നഗരസഭയുടെ നേതൃത്വത്തിൽ ചെയ്യുന്നതിനും വെള്ളമൊഴുക്കിനു തടസമായ ഓടകളുടെ വീതികുറവ് പരിഹരിക്കുന്നതിനും പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കും. വെള്ളമൊഴുക്കിനു തടസമാകുന്ന വിധത്തിൽ വിവിധയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള കുടിവെള്ള പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിനു ആവശ്യമായ നടപടികൾ ജല അതോറിറ്റിയും സ്വീകരിക്കും.

ഇതിനു പുറമെ ഓടകൾ കൈയേറി നിർമിച്ചിട്ടുള്ള കെട്ടിട ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തഹസീൽദാരും യോഗത്തിൽ അറിയിച്ചു.

പ്രശ്‌നം യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കണമെന്ന് പി.ജെജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. ബുധനാഴ്ചയ്ക്കു മുമ്പ് വെള്ളക്കെട്ട് ഒഴിവാക്കാൻ അനിവാര്യമായ നടപടി സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ ഉദ്യോഗസ്ഥരോടും നഗരസഭാധികൃതരോടും എം.എൽ.എ നിർദേശിച്ചു. വെള്ളക്കെട്ട് സംബന്ധിച്ച് തുടർനടപടികൾ സ്വീകരിക്കുന്നതിനായി മർച്ചന്റ്‌സ് അസോസിയേഷൻ മുൻ പ്രസിഡന്റ് വേണു ഇ.എ.പി കൺവീനറായി കമ്മിറ്റിയേയും നിയോഗിച്ചു. നഗരത്തിൽ കഴിഞ്ഞ ദിവസമുണ്ടായ കനത്തമഴയിൽ നിരവധി വ്യാപാരസ്ഥാപനങ്ങളിൽ വെള്ളംകയറി നാശനഷ്ടമുണ്ടാകുകയും ഗതാഗതം തടസപ്പെടുകയും ചെയ്തിരുന്നു. തൊടുപുഴപാലാ റോഡിൽ മുനിസിപ്പൽ ബസ് സ്റ്റാൻഡിനു സമീപം, റോട്ടറി ജങ്ഷൻ, കാഞ്ഞിരമറ്റം കവല, മണക്കാട് ജങ്ഷൻ തുടങ്ങിയ സ്ഥലങ്ങളിലാണ് സാധാരണയായി വെള്ളക്കെട്ട് രൂപപ്പെടുന്നതും കടകളിൽ വെള്ളം കയറി നാശനഷ്ടമുണ്ടാകുന്നതും. ഇതേ തുടർന്നാണ് നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യവുമായി വ്യാപാരികൾ രംഗത്തെത്തിയത്. യോഗത്തിൽ നഗരസഭ ചെയർപേഴ്‌സൺ സിസിലി ജോസ്, തഹസീൽദാർ എം.എജോസുകുട്ടി, ഡിവൈ.എസ്.പി കെ.പിജോസ്, നഗരസഭ സെക്രട്ടറി രാജശ്രീ നായർ, മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ടി.സി.രാജു തരണിയിൽ, ജനറൽ സെക്രട്ടറി നാസർ സൈര, പി.ഡബ്ല്യു.ഡി ജല അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.