മുട്ടം: ഇടപ്പളളി ലയൺസ് ക്ളബ്ബിന് സമീപം റോഡരുകിൽ ഭക്ഷണാവശിഷ്ടങ്ങളും മാലിന്യങ്ങളും വ്യാപകമായി തളളുന്നതായി പരാതി.ഇറച്ചിയും മത്സ്യവും മറ്റ് അവശിഷ്ടങ്ങളും അഴുകി ദ്രവിച്ച് അസഹ്യമായ ദുർഗന്ധവും വമിക്കുന്നുണ്ട്. ഭക്ഷണാവശിഷ്ടത്തിനൊപ്പം തള്ളുന്ന ഡിസ്പോസിബിൾ പത്രങ്ങളും ഗ്ലാസും അഴുകി ദ്രവിച്ച് ദുർഗന്ധം വമിക്കുന്ന മാലിന്യങ്ങളും മഴ വെള്ളത്തിൽ ഒലിച്ച് സമീപ പ്രദേശത്തെ പറമ്പുകളിലേക്കും കിണർ ഉൾപ്പടെയുള്ള മറ്റ് കുടിവെളള സ്രോതസ്സുകളിലേക്കുമാണ് എത്തിച്ചേരുന്നതും.മഴക്കാല രോഗങ്ങളും ഡെങ്കിപ്പനി പോലുളള പകർച്ച വ്യാധികളും വ്യാപകമാകുന്ന സാഹചര്യത്തിൽ പഞ്ചായത്ത്‌, ആരോഗ്യ വകുപ്പ് മറ്റ് വിവിധ തലങ്ങളിലുള്ളവർ സമ്പൂർണ്ണ മാലിന്യ നിർമ്മാർജ്ജന പദ്ധതികൾ നടപ്പിലാക്കി വരുമ്പോഴാണ് മറു വശത്ത് ഇത്തരത്തിലുള്ള പ്രവർത്തികൾ നടക്കുന്നതും.മാലിന്യം തള്ളുന്നവരെ കണ്ടെത്തി നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് പ്രദേശ വാസികൾ സംഘടിച്ച് പഞ്ചായത്ത് അധികാരികൾക്ക് പരാതി നൽകി.