കട്ടപ്പന: ഇരട്ടയാർ പഞ്ചായത്തിലെ ഈട്ടിത്തോപ്പ് ഹോമിയോ ആശുപത്രിയുടെ പരിസരത്ത് കൂന്നുകൂടിയ മരുന്നുകുപ്പികൾ നീക്കാൻ നടപടിയില്ല. ഉപയോഗശേഷം മരുന്നുകുപ്പികൾ ചാക്കിൽനിറച്ച് ആശുപത്രിയുടെ പിന്നിൽ തള്ളുകയായിരുന്നു. ചാക്കുകൾ ദ്രവിച്ചതോടെ കുപ്പികൾ പരിസരമാകെ കൂടിക്കിടക്കുകയാണ്. കഴിഞ്ഞദിവസങ്ങളിൽ മഴ പെയ്തതോടെ കുപ്പികളിൽ വെള്ളം നിറഞ്ഞ് പ്രദേശത്ത് കൊതുകുശല്യവും രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. ഇതു സംബന്ധിച്ച നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകിയിട്ടുണ്ട്. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്തിലുടനീളം നടക്കുന്നുണ്ടെങ്കിലും ആശുപത്രി പരിസരത്തെ മാലിന്യം നീക്കാൻ നടപടിയില്ല. അതേസമയം നാട്ടുകാരുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ചയോടെ കുപ്പികൾ നീക്കാൻ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് അംഗം കെ.ഡി. രാജു പറഞ്ഞു.