തൊടുപുഴ: വാളാഞ്ചേരിയിൽ ഓൺലൈൻ വിദ്യാഭ്യാസത്തിന് അവസരമില്ലാത്തതിന്റെ പേരിൽ ആത്മഹത്യ ചെയ്ത ദേവിക എന്ന വിദ്യാർത്ഥിനി, കേരളം നമ്പർ വൺ എന്നു വീമ്പു പറയുന്നവർക്കുമുന്നിലുള്ള ചോദ്യചിഹ്നമാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി പറഞ്ഞു. ഇന്റർനെറ്റിന് റേഞ്ച് ഇല്ലാത്ത സ്ഥലങ്ങളിൽ ബൂസ്റ്ററുകൾ സ്ഥാപിച്ചുകൊണ്ട് നെറ്റ്‌വർക്ക് ലഭിയ്ക്കാൻ വേണ്ട നടപടികൾ സർക്കാർ അടിയന്തരമായി സ്വീകരിക്കണം. സ്മാർട്ട് ഫോണുകളും ടി.വിയും ഇല്ലാത്ത സ്ഥലങ്ങളിൽ പാഠഭാഗങ്ങളുടെ പി.ഡി.എഫ് നോട്ടുകൾ തയ്യാറാക്കാൻ വിദ്യാഭ്യാസ വകുപ്പ് പ്രത്യേകം ശ്രദ്ധിക്കണം. പിന്നാക്ക മേഖലകളിൽ വിദ്യാർത്ഥികളുടെ സൗകര്യം അനുസരിച്ച് സി.ഡികൾ തയ്യാറാക്കി നൽകണം. മൊബൈൽ സേവന ദാതാക്കളോട് നെറ്റിന്റെ വേഗത കൂട്ടാൻ ആവശ്യപ്പെടണം. യുവജന സംഘടനകളെയും ക്ലബുകളെയും ഉൾപ്പെടുത്തി ഗ്രാമങ്ങളിൽ കമ്മ്യൂണിറ്റി ഹാളുകൾ, ലൈബ്രററികൾ, ക്ലബ്ബുകൾ, എന്നിവടങ്ങളിൽ സാമൂഹിക അകലം പാലിച്ചു കൊണ്ട് ക്ലാസുകൾ എടുക്കുന്നതിനുള്ള സംവിധാനമുണ്ടാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.