 10 ദിവസത്തിനിടെ ഇടുക്കിയിൽ മുങ്ങിമരിച്ചത് നാല് പേർ

തൊടുപുഴ: ജില്ലയിൽ 10 ദിവസത്തിനിടെ തൊടുപുഴ മേഖലയിൽ വെള്ളത്തിൽ പൊലിഞ്ഞത് നാല് പേരുടെ ജീവൻ. ഞായറാഴ്ച മലങ്കര ജലാശയത്തിൽ നീന്താനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി അറക്കുളം കാവുംപടി പാമ്പൂരിക്കൽ ജിഷ്ണു (16) മുങ്ങിമരിച്ചത് നാടിന്റെ തന്നെ വേദനയായി മാറിയിരുന്നു. ഇതിനു പിറ്റേന്ന് കുളമാവ് മുത്തിയുരണ്ടയാറിനു സമീപം ഡാമിൽ കുളിക്കാനിറങ്ങിയ കോഴിപ്പള്ളി പൊട്ടംപ്ലാക്കൽ അനീഷാണ് (45) മുങ്ങിമരിച്ചത്. കഴിഞ്ഞ മാസം 26ന് തൊടുപുഴയാറ്റിൽ കുളിക്കാനിറങ്ങിയ കീരിക്കോട് അറയ്ക്കപറമ്പിൽ മഹ്‌സൻ (27) അപകടത്തിൽപ്പെട്ട് മരിച്ചിരുന്നു. ഒരാഴ്ച മുമ്പ് വെങ്ങല്ലൂർ ഭാഗത്ത് കുളിക്കാനിറങ്ങിയ അന്യ സംസ്ഥാന തൊഴിലാളിയും മുങ്ങിമരിച്ചിരുന്നു. കൂട്ടുകാർക്കൊപ്പം നീന്താൻ എത്തുന്ന യുവാക്കളാണ് അപകടത്തിൽപ്പെടുന്നത്. അവധിക്കാലമാകുമ്പോഴാണ് പലപ്പോഴും മുങ്ങിമരണങ്ങൾ പതിവാകുന്നത്. ജലാശയങ്ങളിലെ കയങ്ങളിലും അടിയൊഴുക്കുള്ള നദികളിലും പതിയിരിക്കുന്ന കെണികൾ കാണാതെയാണ് പലരും അപകടത്തിലേക്ക് എടുത്തു ചാടുന്നത്. ഇക്കാര്യത്തിൽ കൂടുതൽ ബോധവത്കരണവും മുന്നറിയിപ്പു്സംവിധാനങ്ങളും വേണമെന്ന ആവശ്യം ശക്തമാകുകയാണ്.

മുന്നറിയിപ്പ് അവഗണിച്ച് മരണത്തിലേക്ക്

തൊടുപുഴയാറിലും മലങ്കര ജലാശയത്തിലും അപകടങ്ങൾ വർദ്ധിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് ഇത്തരം സ്ഥലങ്ങളിൽ നേരത്തെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. അവധിക്കാലമാകുകയും വേനൽ കനക്കുകയും ചെയ്തതോടെ നദികളിലും ജലാശയങ്ങളിലും കുളിക്കാനെത്തി അപകടത്തിൽപെടുന്നവരുടെ എണ്ണം സംസ്ഥാനത്ത് വർധിച്ചതോടെയാണ് ഫയർഫോഴ്‌സ് ആസ്ഥാനത്തു നിന്നുള്ള നിർദേശ പ്രകാരമാണ് ജില്ലയിലും ബോർഡുകൾ സ്ഥാപിച്ചത്. എന്നാൽ ഇതവണഗിച്ചാണ് പലരും അശ്രദ്ധമായി പുഴയിലിറങ്ങുന്നത്.

വിശ്രമമില്ലാതെ സ്‌കൂബാ ടീം

ജലാശയങ്ങളിലെ അപകടങ്ങൾ വർദ്ധിച്ചതോടെ ഫയർഫോഴ്‌സിലെ സ്‌കൂബാ ടീമിനും വിശ്രമമില്ലാതായി. അടുത്തിടെ തൊടുപുഴയിലും സമീപപ്രദേശങ്ങളിലും നടന്ന മുങ്ങിമരണങ്ങളിൽ മൃതദേഹം കണ്ടെടുത്തത് തൊടുപുഴ ഫയർഫോഴ്‌സിലെ സ്‌കൂബാ ടീമാണ്. എല്ലാ സൗകര്യമുമുള്ള സ്‌കൂബാ വാഹനവും പരിശീലനം ലഭിച്ച ആറോളം മുങ്ങൽ വിദഗ്ദ്ധരും തൊടുപുഴ ഫയർഫോഴ്‌സിനുണ്ട്.