അറക്കുളം: പഞ്ചായത്തിൽ ഡെങ്കിപ്പനി പടരുന്നതിൽ ജനം ആശങ്കയിൽ. ഇലപ്പള്ളി മണപ്പാടി മൂലമറ്റം പ്രദേശങ്ങളിലാണ് നിലവിൽ പനി പടർന്നിരിക്കുന്നത്.വിവിധ സ്ഥലങ്ങളിലുള്ള കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡെങ്കിപനി വ്യാപനവും പ്രദേശ വാസികളെ ഏറെ ആശങ്കയിൽ ആക്കുകയാണ്.ഡെങ്കിപ്പ നി ബാധിച്ച് നിരവധി ആളുകൾ ആശുപത്രികളിൽ ചികിൽസ തേടി.മരുന്ന് കഴിച്ച് പനി കുറയുന്നവർക്ക് ഏതാനും ദിവസങ്ങൾക്ക് ശേഷം വീണ്ടും പനിയും അനുബന്ധ അസുഖങ്ങളും ഉണ്ടാവുന്നുണ്ട്.തൊടുപുഴനഗരത്തിന് സമീപത്തുള്ള ചില പഞ്ചായത്തുകളിൽ അടുത്ത നാളിൽ ഡെങ്കിപ്പനി ചില യാളുകളിൽ കണ്ടെത്തിയിരുന്നു. ഡെങ്കിപ്പനിയുള്ളവർ കോവിഡ് ആണോ എന്ന് ഭയപ്പെട്ട് ആരോഗ്യ വകുപ്പ് അധികൃതരെ ബന്ധപ്പെട്ട് കൂടുതൽ വ്യക്തത വരുത്തുന്നുമുണ്ട്.ജനം ഭീതിയിലാണെന്ന വിവരത്തെ തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ ഉടൻ സ്ഥലങ്ങൾ സന്ദർശിക്കുകയും ആളുകൾക്ക് മാർഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.കൂടാതെ കോളനി പ്രദേശങ്ങളിലും ആളുകൾ തിങ്ങി പാർക്കുന്ന സ്ഥലങ്ങളിലും മൂലമറ്റം ടൗണിന്റെ വിവിധ പ്രദേശങ്ങളിലും കൊതുകിനെ ഇല്ലായ്മ ചെയ്യുന്നതിന് ഫൊഗിങ്ങ് നടത്തുകയും ചെയ്തു.