തൊടുപുഴ: ഗവ.വെക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വളപ്പിലെ മരം വെട്ടിയതുമായി ബന്ധപ്പെട്ട് നഗരസഭ ഓഫീസിൽ അതിക്രമിച്ചു കയറി സെക്രട്ടറിയെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തിയ സംഭവത്തിലെ പ്രതികളായ എസ്എഫ്‌ഐ പ്രവർത്തകരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് നഗരസഭ കൗൺസിലിൽ പ്രമേയം പാസാക്കി. യുഡിഎഫ് കൊണ്ടു വന്ന പ്രമേയം ബിജെപി അംഗങ്ങളുടെ പിന്തുണയോടെ 11 നെതിരെ 19 അംഗങ്ങളുടെ പിന്തുണയോടെയാണ് പാസാക്കിയത്. നഗരത്തിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ഓടകൾ പൂർണമായി വൃത്തിയാക്കുന്നതിന് കൗൺസിൽ തീരുമാനിച്ചു. മങ്ങാട്ടുകവലയിൽ നിർമാണം നടന്നു വരുന്ന ഷോപ്പിംഗ് കോംപ്ലക്‌സിന്റെ രണ്ടാം ഘട്ട നിർമാണത്തിനായി കൗൺസിലിൽ അനുമതിക്കായി സമർപ്പിച്ചെങ്കിലും ടെണ്ടറിൽ തുക രേഖപ്പെടുത്താത്തതിനാൽ അനുമതി നൽകിയില്ല. രണ്ടാം ഘട്ട നിർമാണത്തിനായി 2.60 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. മുൻ വൈസ് ചെയർമാൻ എം.കെ.ഷാഹുൽഹമീദാണ് കൗൺസിലിൽ വിയോജിപ്പ് പ്രകടിപ്പിച്ചത്.