തൊടുപുഴ: ഓൺലൈൻ വിദ്യാഭ്യാസം ലഭിക്കാത്തതിൽ പട്ടികജാതി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പട്ടികജാതി മോർച്ച തൊടുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. തൊടുപുഴ ഡി.ഡി ആഫീസിന് മുന്നിൽ നടന്ന പ്രതിഷേധം ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ സർക്കാരിന്റെ പരാജയമാണ് സാധു പെൺകുട്ടിയുടെ ആത്മഹത്യയിലൂടെ കേരളം കാണുന്നതെന്നും പട്ടികജാതി വിഭാഗങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പട്ടികജാതി മോർച്ച സംസ്ഥാന സെക്രട്ടറി അശോകൻ മുട്ടം, ജില്ലാ ജനറൽ സെക്രട്ടറി കെ.എൻ. സഹജൻ, മണ്ഡലം പ്രസിഡന്റ് പി.കെ. ശിവൻ, മണ്ഡലം സെക്രട്ടറി പുഷ്പരാജ് വണ്ണപ്പുറം, ജില്ലാ കമ്മറ്റി അംഗങ്ങളായ എം.കെ. സുരേഷ്, ഷാജി വെങ്ങല്ലൂർ എന്നിവർ പങ്കെടുത്തു.