തൊടുപുഴ: അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചത് അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒരു പോലെ ഉത്കണ്ഠാകുലരാക്കിയിരിക്കുകയാണെന്ന് കെ.പി.എസ്.ടി.എ ഓൺലൈൻ ജില്ലാ കമ്മിറ്റി. ഓൺലൈൻ വഴി ആരംഭിച്ച ക്ലാസുകൾ ഫലപ്രദമാകണമെങ്കിൽ പാഠപുസ്തകങ്ങൾ കുട്ടികൾക്ക് ഉടൻ ലഭ്യമാക്കണം. പല കുട്ടികൾക്കും ക്ലാസുകൾ കാണുന്നതിന് മതിയായ സംവിധാനങ്ങളില്ല. സ്മാർട്ട്ഫോൺ, കമ്പ്യൂട്ടർ, ഇന്റർനെറ്റ് കണക്ഷൻ, ടെലിവിഷൻ തുടങ്ങിയവയുടെ അഭാവവും വൈദ്യുതി മുടക്കവും ഓൺലൈൻ പഠന പ്രവർത്തനങ്ങളിൽ വെല്ലുവിളി ഉയർത്തുകയാണ്. ഭൂരിഭാഗം കുട്ടികളുടെയും രക്ഷിതാക്കൾ പകൽ സമയത്ത് ജോലിക്ക് പോകുന്നവരാണ്. ജോലി കഴിഞ്ഞ് വൈകുന്നേരങ്ങളിൽ കുട്ടികളുടെ പഠന കാര്യങ്ങളിൽ രക്ഷിതാക്കൾക്ക് ഇടപെടണമെങ്കിൽ പാം പുസ്തകം കൂടിയേ തീരു. എന്നാൽ ഒരു സ്‌കൂളിലും ഇതുവരെയും പാഠപുസ്തകങ്ങൾ എത്തിച്ചേർന്നിട്ടില്ല. പാഠ പുസ്തകങ്ങളെല്ലാം അച്ചടിച്ച് വിതരണം ചെയ്തു കഴിഞ്ഞെന്ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ നേരത്തെ തന്നെ പറഞ്ഞിരുന്നതാണ്. എന്നിട്ടും ഇതുവരെയും പാഠപുസ്തകങ്ങൾ സ്‌കൂളിലെത്താത്തതെന്തെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കണം. അടിയന്തരമായി പാഠപുസ്തകങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് വി.എം. ഫിലിപ്പച്ചന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി ഷെല്ലി ജോർജ്, സംസ്ഥാന സെക്രട്ടറി വി.കെ. കിങ്ങിണി, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ കെ.ആർ. ഉണ്ണികൃഷ്ണൻ നായർ, വി.ഡി. എബ്രാഹം, ജില്ലാ ട്രഷറർ ബിജു ജോസഫ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ, സി.കെ. മുഹമ്മദ് ഫൈസൽ,​ ജോളി മുരിങ്ങമറ്റം, കെ. രാജൻ, ബിജോയി മാത്യു, ജോർജുകുട്ടി, ടോമി ഫിലിപ്പ്, ജോയി ആൻഡ്രൂസ്, ഡെയ്‌സൺ മാത്യു, നാസർ പി.എം, ആറ്റ്ലി വി.കെ, വിജയകുമാർ, കെ.മോഹനൻ എന്നിവർ പങ്കെടുത്തു.