കട്ടപ്പന : സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടതിനെ തുടർന്ന് കട്ടപ്പന കൂന്തളാം പാറയിൽ പ്രവർത്തിക്കുന്ന പാറമടകളിലെ സ്‌ഫോടനം നഗരസഭയും ജില്ലാ ഭരണകൂടവും സംയുക്തമായി നിയന്ത്രിച്ചു.
ഭാവിയിൽ സ്‌ഫോടനം കാരണം ബുദ്ധിമുട്ടുണ്ടായാൽ പുതിയ പരാതി നൽകാവുന്നതാണെന്നും കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു.
പാറമടയുടെ പ്രവർത്തനം കാരണം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി പരാതിപ്പെട്ട് ഫിലിപ്പ് ജോൺ കോഴിമല സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ഇടപെട്ടത്. ജില്ലാകളക്ടർ, ജില്ലാ ജിയോളജിസ്റ്റ്, നഗരസഭാ സെക്രട്ടറി എന്നിവരിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങിയിരുന്നു.
പാറമട ഉടമകളും കട്ടപ്പന നഗരസഭാ ചെയർമാനും ചർച്ച നടത്തിയതായി നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. സ്‌ഫോടനങ്ങളുടെ ശക്തി കുറച്ചതിനാൽ ഇപ്പോൾ കാര്യമായ പ്രശ്‌നങ്ങളില്ലെന്ന് പരിസരവാസികൾ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു. പാറമടകളിൽ ഒരെണ്ണത്തിന്റെ കാലാവധി 2020 ലും മറ്റൊന്നിന്റെ കാലാവധി 2021 ലും അവസാനിക്കും. തുടർന്ന് ഇവക്ക് പ്രവർത്തനാനുമതി നൽകില്ലെന്നും നഗരസഭാ സെക്രട്ടറിയുടെ റിപ്പോർട്ടിൽ അറിയിച്ചിരുന്നു.