ഇടുക്കി: സർക്കാർ തീരുമാനത്തിന്റെ ഭാഗമായി ഈ അധ്യായന വർഷത്തെ ക്ലാസുകൾ ഓൺലൈനായി ആരംഭിച്ചിട്ടും പഠനം തുടങ്ങാൻ സാധിക്കാതെ ബുദ്ധിമുട്ട് നേരിടുന്ന തമിഴ് മീഡിയത്തിലെ വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണാവാൻ സർക്കാർ തയ്യാറാകണമെന്ന് കെ.എസ്.യു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇടുക്കി ജില്ലയിൽ തമിഴ് മീഡിയത്തിൽ പഠനം നടത്തുന്ന നല്ലൊരു ശതമാനം വിദ്യാർഥികളുണ്ട്. ഈ വിദ്യാർഥികൾക്ക് തമിഴ് അല്ലാതെ മറ്റു ഭാഷകളിൽ പഠനം നടത്തുകയെന്നത് അസാദ്ധ്യമായ കാര്യമാണ്. പീരുമേട് ദേവികുളം ഉടുമ്പൻചോല താലൂക്കുകളിലെ പതിനായിരത്തോളം വിദ്യാർത്ഥികളാണ് പഠനം തുടങ്ങാനാകാതെ പ്രതിസഡി നേരിടുന്നത്. തമിഴ് മീഡിയയിൽ കൂടി ഓൺലൈൻ ക്ലാസുകൾ അടിയന്തരമായി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്രവ്യാസന് നിവേദനം നൽകി. കെ.എസ്.യു ജില്ലാ കോഓർഡിനേറ്റർ സി.എസ് വിഷ്ണുദേവ്, ഫസൽ അബ്ബാസ് എന്നിവർ പങ്കെടുത്തു.