തൊടുപുഴ: കൊവിഡ് ഉൾപ്പെടെ വിവിധ പ്രതിസന്ധികളാൽ സാമ്പത്തികമായി തകർന്ന കർഷകരെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് രാവിലെ 10ന് തൊടുപുഴ സിവിൽ സ്റ്റേഷൻ മുമ്പിൽ കത്തോലിക്ക കോൺഗ്രസ് നേതാക്കൾ നിൽപ്പ് സമരം നടത്തും. എല്ലാ കാർഷിക ഉത്പന്നങ്ങൾക്കും ന്യായമായ തറവില പ്രഖ്യാപിച്ചു സംഭരിക്കുക, റബ്ബറിന് 200 രൂപ തറവില നിശ്ചയിച്ച് വിലസ്ഥിരത പദ്ധതിയുടെ കുടിശിക ഉടൻ വിതരണം ചെയ്യുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക, കർഷകന്റെ എല്ലാ കടങ്ങൾക്കും ഒരു വർഷത്തേയ്ക്ക് പലിശ രഹിത മൊറട്ടോറിയം പ്രഖ്യാപിക്കുക, സ്വർണപണയത്തിന്മേള്ള കാർഷികലോൺ തുടരുക, കൃഷിയിടത്തിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ തുരത്താനും കൊല്ലാനുമുള്ള അധികാരം കർഷകന് നൽകുക, 60 വയസ് കഴിഞ്ഞ എല്ലാ കർഷകനും 10,000 രൂപ പെൻഷൻ നൽകുക, കാർഷിക അനുബന്ധ വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക കമ്മിഷനും പാക്കേജും രൂപപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് നിൽപ് സമരം. കേരളത്തിലാകെ 13 രൂപത കമ്മറ്റികളുടെ നേതൃത്വത്തിൽ കത്തോലിക്ക കോൺഗ്രസ് നടത്തുന്ന സമരത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം തൊടുപുഴയിൽ കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് ബിജു പറയന്നിലം നിർവഹിക്കും.