തൊടുപുഴ: അന്തർ ജില്ലാ ബസ് സർവീസുകൾ ഇന്നലെ ആരംഭിച്ചെങ്കിലും യാത്രക്കാർ തീരെ കുറവായിരുന്നു. കെ.എസ്.ആർ.ടി.സി ഇന്നലെ തൊടുപുഴയിൽ നിന്ന് 23 സർവീസുകളാണ് നടത്തിയത്. എറണാകുളം- 6, കോട്ടയം- 12, കൂത്താട്ടുകുളം- 5 എന്നിങ്ങനെയായിരുന്നു സർവീസുകൾ . കട്ടപ്പനയിൽ നിന്ന് 16 സർവീസുകൾ നടത്തിയതിൽ അഞ്ച് എണ്ണമാണ് അയൽ ജില്ലകളിലേക്ക് ഓടിയത്. മൂലമറ്റത്ത് നിന്ന് എറണാകുളത്തേക്ക് രണ്ടും കോട്ടയത്തേക്ക് ഒന്നും സർവീസുകൾ നടത്തി. മൂന്നാർ ഡിപ്പോയിൽ നിന്ന് ഒമ്പത് സർവീസുകൾ അയൽ ജില്ലകളിലേക്ക് ഓടിയപ്പോൾ കുമളിയിൽ നിന്ന് 18 സർവീസുകൾ നടത്തി. കുമളിയിൽ നിന്ന് കോട്ടയം, എറണാകുളം എന്നിവിടങ്ങളിലേക്കായിരുന്നു സർവീസ്. നെടുങ്കണ്ടം ഡിപ്പോയിൽ നിന്ന് എട്ട് ബസുകളാണ് സർവീസ് നടത്തിയത്. അന്തർ ജില്ലാ സർവീസുകൾ ഉൾപ്പെടെ തൊടുപുഴയിൽ നിന്ന് നൂറ്റമ്പതോളം സ്വകാര്യ ബസുകൾ ഇന്നലെ ഓടി. മൂവാറ്റുപുഴ, പാല, ഈരാറ്റപേട്ട റൂട്ടുകളിലേക്ക് ഇന്നലെ മുതൽ സർവീസുകൾ പുനരാരംഭിച്ചു. കൂടാതെ കട്ടപ്പന, കുമളി എന്നിവിടങ്ങളിൽ നിന്ന് കോട്ടയം ജില്ലയിലേക്കും അടിമാലിയിൽ നിന്ന് കോതമംഗലത്തേക്കും സർവീസ് നടത്തി.
യാത്രക്കാർ കുറയുന്നത് നഷ്ടം
യാത്രക്കാരുടെ എണ്ണം കുറയുന്നത് കെ.എസ്.ആർ.ടി.സിയ്ക്കും സ്വകാര്യ ബസുടമകൾക്കും ഒരു പോലെ നഷ്ടം വരുത്തിവയ്ക്കുന്നു. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ബസ് നിരക്ക് കൂട്ടിയ നടപടി പിൻവലിച്ചതാണ് ബസുടമകൾക്ക് തിരിച്ചടിയായത്. വാഹനങ്ങളുടെ ഇന്ധനത്തിനും മെയിന്റനൻസിനും മുടക്കുന്ന തുക പോലും നിലവിലെ സാഹചര്യത്തിൽ തിരികെ ലഭിക്കാത്ത സ്ഥിതിയാണ്. യാത്രക്കാരുടെ കുറവു മൂലം ചില സർവീസുകൾ സ്വകാര്യബസുകൾ റദ്ദാക്കയിരുന്നു.
''ഒരു ദിവസം ഒരു ബസ് മൂവായിരം രൂപയോളം നഷ്ടത്തിലാണ് ഓടുന്നത്. ഇത്തരത്തിൽ മുന്നോട്ട് പോകാനാകില്ല. നേത്തെ കൂട്ടിയ നിരക്ക് പുനഃസ്ഥാപിക്കണം. അല്ലെങ്കിൽ സമരത്തിലേക്ക് പോകേണ്ടിവരും. ""
-അജിത്കുമാർ (കവിത ബസുടമ)