തൊടുപുഴ: കൊവിഡ് 19 നിയന്ത്രണങ്ങൾ മൂലം ഇടപാടുകാർക്ക് സേവനലഭ്യതയിൽ തടസം നേരിടാതിരിക്കാൻ തൊടുപുഴ ജോയിന്റ് ആർ.ടി.ഓ. ഓഫീസിൽ ഡ്രോപ്പ് ബോക്‌സ് സ്ഥാപിച്ചു. ഓഫീസിലെത്തുന്ന പൊതുജനങ്ങൾ കൊവിഡ് മാനദണ്ഡ പ്രകാരം സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായാണ് ഡ്രോപ്പ് ബോക്‌സ് സ്ഥാപിച്ചത്. ഇനി മുതൽ ഓഫീസിലേക്ക് നൽകേണ്ട അപേക്ഷകളും പരാതികളുമെല്ലാം സ്റ്റാമ്പ് ഒട്ടിച്ച കവറിലാക്കി അപേക്ഷകന്റെ വിലാസവും മൊബൈൽ നമ്പരും രേഖപ്പെടുത്തി ഓഫീസിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന ഡ്രോപ്പ് ബോക്‌സിസിലാണ് നിക്ഷേപിക്കേണ്ടത്. ജീവനക്കാർ നേരിട്ട് അപേക്ഷ സ്വീകരിക്കില്ല. ഓരോ മണിക്കൂറിലും ഡ്രോപ്പ് ബോക്‌സിൽ നിന്നും അപേക്ഷകൾ ജീവനക്കാർ ശേഖരിക്കും. തുടർന്ന് ഓരോ അപേക്ഷയും ബന്ധപ്പെട്ട സെക്ഷനുകളിലേക്ക് കൈമാറുകയും തുടർ നടപടികൾ സ്വീകരിക്കുകയുമാണ് ചെയ്യുക. കവറിൽ രേഖപ്പെടുത്തിയിരിക്കുന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെട്ട ശേഷം ആവശ്യമായ രേഖകൾ അപേക്ഷകന് അയച്ച് നൽകും. ഇതിനോടകം ഓഫീസിലെ 90 ശതമാനം സേവനങ്ങളും ഓൺലൈൻ സംവിധാനത്തിലാക്കിയിട്ടുണ്ട്. നിരന്തരം പൊതുജനങ്ങളെത്തുന്ന ഓഫീസ് എന്നതിലാണ് ഡ്രോപ്പ് ബോക്‌സ് സ്ഥാപിച്ചതെന്ന് തൊടുപുഴ ജോയിന്റ് ആർ.ടി.ഓ. നസീർ.പി.എ. പറഞ്ഞു.