വണ്ടിപ്പെരിയാർ: സ്‌കൂളുകൾ തുറന്നില്ലെങ്കിലും, സ്വന്തമായി സ്മാർട്ട് ഫോണില്ലെങ്കിലും ഈ കുട്ടികളും പുതിയ ക്ലാസുകളിലെ
പാഠങ്ങൾ പുത്തൻരീതിയിൽ പഠിച്ചു തുടങ്ങിയിരിക്കുന്നു. പീരുമേട് , വണ്ടിപ്പെരിയാർ , പെരുവന്താനം എന്നീ ഗ്രാമ പഞ്ചായത്തുകളിലായി താമസിക്കുന്ന മലമ്പണ്ടാര സമുദായത്തിൽപ്പെട്ട 28 കുട്ടികളാണ് പട്ടിക വർഗ വികസന വകുപ്പ് ക്രമീകരിച്ച ഓഫ് ലൈൻ പഠന സൗകര്യത്തിലൂടെ അദ്ധ്യയയനം ആരംഭിച്ചത്. മൂന്നു പഞ്ചായത്തുകളിലായി മലമ്പണ്ടാര സമുദായത്തിൽ പെട്ട 36 കുടുംബങ്ങളാണ് താമസിക്കുന്നത്. ഈ കുടുംബങ്ങളിലായി നാലു കേന്ദ്രങ്ങളിലായാണ് ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത്. ഐ.റ്റി.ഡി.പി ഓഫീസിൽ നിന്നും ലഭ്യമാക്കിയ ലാപ്‌ടോപ്പ് ഉപയോഗിച്ച് ഇവർക്കായി നിയമിച്ചിട്ടുള്ള ഫെസിലിറ്റേറ്ററുടേയും പ്രൊമോട്ടർമാരുടേയും നേതൃത്വത്തിലാണ് ക്ലാസ്സ് നടക്കുന്നത് . വള്ളക്കടവ് ഫോറസ്റ്റ് ക്വാർട്ടേഴ്‌സിൽ വച്ച് ആ മേഖലയിലെ കുട്ടികളെ പങ്കെടുപ്പിച്ച് ഇന്നലെ ആരംഭിച്ച ക്ലാസ് വണ്ടിപ്പെരിയാർ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് സന്ദർശിച്ചു. ഒന്ന്, രണ്ട് ക്ലാസ്സുകളിലെ കുട്ടികൾ ആദ്യമായി ദൃശ്യമാദ്ധ്യമം വഴി കഥയും പാട്ടും ഒക്കെ ആസ്വദിച്ച് ക്ലാസ്സുകളിൽ പങ്കെടുത്തത് ഒരു പുത്തൻ അനുഭവമായിരുന്നു.