ജില്ലയിൽ ഒരു ദിവസം കൊറോണ. റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കൂടുതൽ കേസ്
തൊടുപുഴ: ജില്ലയിലെ ജനങ്ങളെ ആശങ്കയിലാക്കി ഇന്നലെ മാത്രം ഒമ്പത് കൊവിഡ് പൊസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ ഏഴ് പേരും സ്ത്രീകളാണ്. ഒരു കുടുംബത്തിലെ രണ്ട് പേരടക്കമാണ് ഒമ്പത് പേർക്ക് രോഗം സ്ഥിരീകരിച്ചത്. ആദ്യമായാണ് ഇത്രയധികം കേസുകൾ ജില്ലയിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്നത്. രോഗം സ്ഥിരീകരിച്ചവരെല്ലാം വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ഇവർ സർക്കാരിന്റെ കൊവിഡ് കെയർ സെന്റെറുകളിലോ വീടുകളിലോ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഒന്നിനാണ് എല്ലാവരുടെയും സ്രവം ശേഖരിച്ചത്. രോഗബാധിതരിൽ മൂന്ന് പേരെ ഇടുക്കി മെഡിക്കൽ കോളേജിലും ആറുപേരെ തൊടുപുഴ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതോടെ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം പതിനെട്ടായി. ഇതിൽ ഒരാൾ മഞ്ചേരി മെഡിക്കൽ കോളേജിലാണുള്ളത്. ജില്ലയിൽ ഇതുവരെ കൊവിഡ് പിടിപെട്ടവരുടെ എണ്ണം 43ആയി.
ഒമ്പത് പേർ ഇവർ
* തിങ്കളാഴ്ച രോഗം ബാധിച്ച ഡൽഹിയിൽ നിന്നെത്തിയ ഗർഭിണിയായ നഴ്‌സിന്റെ ഭർത്താവിനും (31) ഭർതൃമാതാവിനും (54) രോഗം സ്ഥിരീകരിച്ചു. ഇതോടെ കുടുംബത്തിലെ മൂന്ന് പേർക്ക് രോഗം പിടിപെട്ടു. കാൽവരിമൗണ്ട് സ്വദേശികളായ ഇവർ മേയ് 22ന് യുവതിക്കൊപ്പം ട്രെയിൻമാർഗം എറണാകുളത്തെത്തുകയും അവിടെ നിന്ന് ടാക്‌സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. യുവതിക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ഇവരുടെ സ്രവപരിശോധന നടത്തിയത്.
കട്ടപ്പന വാഴവര സ്വദേശിയായ ഇരുപത്തഞ്ചുകാരിക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. മേയ് 21നാണ് ചെന്നൈയിൽ നിന്ന് കുമളി ചെക്പോസ്റ്റ് വഴി വന്നത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ ഒമ്പത് പേർ കൂടിയുണ്ടായിരുന്നു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
കുവൈറ്റിൽ നിന്ന് മേയ് 27ന് വന്ന കട്ടപ്പന കൊച്ചുതോവാള സ്വദേശിനി (48) തൊടുപുഴയിലെ കോവിഡ് കെയർ സെന്ററിലാണ് കഴിഞ്ഞിരുന്നത്.
പാമ്പാടുംപാറ സ്വദേശിയായ 32കാരി, 35 വയസുള്ള പീരുമേട്ടുകാരായ രണ്ട് യുവതികൾ, 37കാരനായ നെടിയശാല സ്വദേശി എന്നിവർ മേയ് 28നാണ് കുവൈറ്റിൽ നിന്നെത്തിയത്. മൂവരും തൊടുപുഴയിലെ കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു.