കട്ടപ്പന: മൂന്നു പേർക്ക് കോവിഡ് സ്ഥിരീകരിച്ച കാൽവരിമൗണ്ടിൽ ഹോം ക്വാറന്റിനിൽ കഴിയുന്നത് 36 പേർ. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ച യുവതിയുടെ ഭർത്താവിന്റെയും ഭർതൃമാതാവിന്റെയും പരിശോധനഫലം ഇന്നലെ പോസിറ്റീവായി. ഇരുവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. പരിശോധനഫലം പുറത്തുവന്നതിനു പിന്നാലെ ഇന്നലെ ഉച്ചയോടെ പൊലീസും ആരോഗ്യ പ്രവർത്തകരും ചേർന്ന് കാൽവരിമൗണ്ടിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടപ്പിച്ചു. രോഗബാധിതരായ മൂന്നുപേർ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വീട്ടിൽ, കഴിഞ്ഞ 30ന് യുവാവിന്റെ പിതാവ് ഒരു രാത്രി താമസിച്ചിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ ഇദ്ദേഹം അയൽപക്കക്കാരുടെയും അടുത്ത ബന്ധുക്കളുടെയും വീടുകൾ സന്ദർശിച്ചിരുന്നു. യുവതിയുടെ പരിശോധനഫലം പുറത്തുവന്നതിനു പിന്നാലെ പിതാവിനെ ഇടുക്കി പാറേമാവിലെ ക്വാറന്റീൻ കേന്ദ്രത്തിലേക്കു മാറ്റി. ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയവരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. മൂന്നു കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ജനങ്ങൾ ആശങ്കയിലാണ്. പൊലീസും ആരോഗ്യ പ്രവർത്തകരും മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഗർഭിണിയായ യുവതി ഉൾപ്പെടെ മൂന്നുപേർ മേയ് 22നാണ് ഡൽഹിയിൽ നിന്നു ട്രെയിനിലിൽ എറണാകുളത്തെത്തിയത്. തുടർന്ന് ടാക്‌സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.