കട്ടപ്പന: ഡൽഹിയിൽ നഴ്‌സായ കാൽവരിമൗണ്ട് സ്വദേശിനി, അവിടെ ജോലി ചെയ്തിരുന്ന സമയത്ത് കോവിഡ് പരിശോധന നടത്തിയപ്പോൾ ഫലം നെഗറ്റീവായിരുന്നു. തുടർന്ന് ഭർത്താവിനും ഭർതൃമാതാവിനുമൊപ്പം മേയ് 22നാണ് ഡൽഹിയിൽ നിന്നു ട്രെയിനിൽ എറണാകുളത്തെത്തിയത്. കഴിഞ്ഞ 28ന് യുവതിയെ ഗർഭകാല പരിശോധനയുടെ ഭാഗമായി കാറിൽ തൊടുപുഴ ജില്ലാ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. സുഹൃത്തിന്റെ കാർ ഭർത്താവാണ് ഓടിച്ചിരുന്നതെന്നാണ് ആദ്യം പറഞ്ഞത്. എന്നാൽ ഇന്നലെ രണ്ടുപേർക്കും രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ ഡ്രൈവറായ സുഹൃത്താണ് കാർ ഓടിച്ചിരുന്നതെന്നു ഇവർ വെളിപ്പെടുത്തി. തുടർന്ന് വെള്ളയാംകുടി സ്വദേശിയായ ഡ്രൈവറെയും കുടുംബത്തെയും ആരോഗ്യ പ്രവർത്തകർ ഹോം ക്വാറന്റിനിലാക്കിയിട്ടുണ്ട്. ഡൽഹിയിൽ നിന്നു നാട്ടിലേക്കു വരുന്നതിനായി ടിക്കറ്റെടുക്കാൻ മൂവരും അഞ്ചു മണിക്കൂറിലധികം റെയിൽവേ സ്‌റ്റേഷനിൽ തങ്ങിയിരുന്നതായി വിവരമുണ്ട്. ഇവിടെ നിന്നോ, ട്രെയിനിൽ നിന്നോ രോഗം പകർന്നതാകാമെന്നാണ് ആരോഗ്യ പ്രവർത്തകരുടെ നിഗമനം.