തൊടുപുഴ: സംസ്ഥാനത്താകെ കൊവിഡ് രോഗികളുടെ കുത്തനെ കൂടിയപ്പോഴും പിടിച്ചുനിന്ന ജില്ലയായിരുന്നു ഇടുക്കി. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലയായിട്ട് കൂടി കേരളത്തിൽ 86 കേസുകൾ റിപ്പോർട്ട് ചെയ്ത ചൊവ്വാഴ്ച പോലും ഇടുക്കിയിൽ ഒരു പൊസിറ്റീവ് കേസുപോലുമില്ലായിരുന്നു. എന്നാൽ ഒറ്റയടിക്ക് ഒമ്പത് പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ജില്ല ആശങ്കയിലായി. മാർച്ച് 14നാണ് ജില്ലയിലെ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. മൂന്നാറിൽ വിനോദ സഞ്ചരത്തിനെത്തിയ ബ്രിട്ടീഷ് പൗരനായിരുന്നു ആദ്യ രോഗി. പിന്നീട് പൊതുപ്രവർത്തകനടക്കം 10 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും ജാഗ്രതയോടെ പ്രവർത്തിച്ചപ്പോൾ ഏപ്രിൽ ആദ്യം വാരം തന്നെ ജില്ല കൊവിഡ് മുക്തമായി. എന്നാൽ രോഗം രണ്ടാമതുമെത്തി. ഇത്തവണ ആശങ്കയേറെയായിരുന്നു. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് 14 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ പലരുടെയും സമ്പർക്കപ്പട്ടിക വലുതായിരുന്നു. എങ്കിലും അതും ഇടുക്കി അതിജീവിച്ചു. മൂന്നാംഘട്ടം വളരെ പതുക്കെയാണ് ഇടുക്കിയിൽ തുടങ്ങിയത്. ജൂൺ ഒന്ന് വരെ രോഗം സ്ഥിരീകരിച്ചത് ഒമ്പത് പേർക്ക് മാത്രം. എന്നാൽ, ഇന്നലെ ഒറ്റയടിക്ക് ഒമ്പത് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും രണ്ടക്കം കടന്നിരിക്കുകയാണ്.