puzha

ചെറുതോണി: പുഴയുടെ ശുചീകരണം പേരിന് മാത്രം, ഒഴുക്ക് നിലച്ച് ചെറുതോണി പുഴ.. .2018 ൽ ചെറുതോണി അണക്കെട്ട് തുറന്നു വിട്ടതിനെ തുടർന്ന് ചെറുതോണി പുഴയിൽ ഒഴുകിവന്ന ഉണ്ടക്കല്ലുകൾ നിർമിതിയുടെ നേതൃത്വത്തിൽ പൊട്ടിച്ചു വിൽപന നടത്തിയിരുന്നു. എന്നാൽ പുഴയുടെ നടുഭാഗം കല്ലും മണലും ഇപ്പോഴും അടിഞ്ഞുകൂടി ഉയർന്ന് കിടക്കുകയാണ്. ഇതോടെ വെള്ളം തടസമില്ലാതെ ഒഴുകാൻ പറ്റാത്ത അവസ്ഥയിലാണ്. മഴക്കാലമാരംഭിക്കുന്നതിന് മുമ്പ് മുഴുവൻ തോടുകളും പുഴകളും ശുചീകരിക്കണമന്ന് പഞ്ചായത്ത് ഭരണ സമിതികളോട് സർക്കാർ നിർദ്ദേശിച്ചിരുന്നു . കഴിഞ്ഞ വർഷങ്ങളിലെ പ്രളയക്കെടുതിയിൽ ജില്ലയിലെ മുഴുവൻ തോടുകളും പുഴകളു കരകവിഞ്ഞൊഴുകിയതിനാൽ നിരവധി വീടുകളും കൃഷിയിടങ്ങളും നശിച്ചിരുന്നു. ഇതുമൂലം കോടിക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായത് ഈവർഷവും കാലവർഷത്തിൽ കൂടുതലായി മഴപെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പു നൽകിയിട്ടുള്ളത്.

അന്ന് സംഭവിച്ചത്

2018 ൽ അണക്കെട്ട് തുറന്നുവിട്ടതിനെ തുടർന്ന് ചെറുതോണി ടൗണിലാണ് ഏറ്റവും കൂടുതൽ നാശന്ഷടമുണ്ടായിട്ടുള്ളത്. അൻപതോളം വ്യാപാര സ്ഥാപനങ്ങളും നിരവധി വീടുകളും വെള്ളത്തിൽ ഒലിച്ചുപോയി. ഇതിൽ 30 ഓളം സ്ഥാപനങ്ങളിലെ സാധനങ്ങളുൾപ്പെടെയാണ് നശിച്ചുപോയിട്ടുള്ളത്. സർക്കാർ ഒരു രൂപപോലും ധനസഹായം നൽകിയിട്ടില്ല. ചെറുതോണിയിലെ താൽകാലിക ബസ്റ്റാന്റും ഒലിച്ചുപോയിരുന്നു. ചെറുതോണിആലിൻചുവട് റോഡ് പൂർണമായും തകർന്നിരുന്നു.

ഈ വർഷവും അണക്കട്ട് തുറക്കേണ്ടിവരുന്ന സാഹചര്യമുണ്ടായാൽ ചെറുതോണി ടൗണിലേയ്ക്ക് വെള്ളം കയറാൻ സാദ്ധ്യതയുണ്ട്. പുഴയിൽ കല്ലും മണലും അടിഞ്ഞുകൂടി കിടക്കുന്നതിനാൽ വെള്ളമൊഴുകുന്നതിന് തടസമുണ്ടാകുന്നതിനാലാണ് ടൗണിൽ വെളളം കയറുന്നതിന് ഇടവരുത്തുക.. ചെറുതോണി പുഴയിൽ ഇപ്പോൾ നടത്തുന്നത് പുഴയുടെ ഒരു സൈഡിലെ ചെളിമാറ്റുക മാത്രമാണ് ചെയ്യുന്നത്. റോഡ് സൈഡിലെ ഓട ക്ലീൻ ചെയ്യുന്ന വിധത്തിലാണ് പുഴയും ശുചിയാക്കുന്നത്. അണക്കെട്ട് തുറന്നാൽ വെള്ളം തടസമില്ലാതെ ഒഴുകുന്നതിന് ഏറെ പ്രതിബന്ധങ്ങളാണെന്ന് പ്രദേശവാസികൾ പറയുന്നു.

പാറേമാവിൽനിന്ന് മെഡിക്കൽ കോളജിന് സമീപത്തുകൂടി ചെറുതോണി ടൗണിലൂടെ ഒഴുകുന്ന തോടും ചെറുതോണി പുഴയിലേയ്ക്കാണ് ചേരുന്നത്. ഈ തോടും ഇതുവരെയും നന്നാക്കിയിട്ടില്ല. തോട്ടിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ അടിഞ്ഞുകൂടി കിടക്കുകയാണ്. ചില സ്ഥലത്ത് വൻ ദുർഗന്ധം വമിക്കുകയും കൊതുകുശല്യം രൂക്ഷമാകുകകയും ചെയ്തിട്ടുണ്ട്. ഈ തോട്ടിലൂടെ ഒഴുകിയെത്തുന്ന മലിന ജലവും ചെറുതോണി പുഴയിലാണെത്തുന്നത്. പുഴയിലെ ജലം നിരവധിയാളുകൾ അലക്കുന്നതിനും കുളിക്കുന്നതിനും ഉപയോഗിക്കുന്നതുമാണ്. കല്ലും മണലും വാരി മാറ്റി തടസമില്ലാതെ വെള്ളമൊഴുകുന്ന വിധത്തിൽ ശുചീകരണം നടത്തിയാൽ കാലവർഷക്കെടുതിയ്ക്ക് ഒരു പരിധിവരെ പരിഹാരമാകും.