checkpost

തൊടുപുഴ: ഏലപ്പാറ പഞ്ചായത്തും ഹരിതകേരളവും സംയുക്തമായി നടപ്പാക്കുന്ന 'വഴികാട്ടാൻ വാഗമൺ പദ്ധതി'യുടെ ഭാഗമായി അഞ്ച് ഹരിത ചെക്പോസ്റ്റുകൾ പ്രവർത്തനസജ്ജമായി. സർക്കാരിന്റെ ഹരിത ടൂറിസത്തിലെ ആദ്യ ഗ്രീൻ ചെക് പോസ്റ്റുകളാണ് ഇവിടെ യാഥാർത്ഥ്യമാകുന്നത്. ടൗണിലെ ചെക്‌പോസ്റ്റ് ഏലപ്പാറയിൽ ഇന്നു മുതൽ പ്രവർത്തിച്ചുതുടങ്ങും. വാഗമണ്ണിലെത്തുന്നവരും സഞ്ചാരികളും തേക്കടി കണ്ട് മടങ്ങുന്നവരുമെല്ലാം തിരഞ്ഞെടുക്കുന്ന പ്രധാന പാതയിലാണ് ഏലപ്പാറ ഹരിത ചെക് പോസ്റ്റ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന നിലയിലാണ് ഹരിത ചെക് പോസ്റ്റുകൾ പ്ലാൻ ചെയ്തിരിക്കുന്നത്. പഞ്ചായത്തിലെ ഹരിത കർമ്മസേനാ അംഗങ്ങൾക്കാണ് ചെക്ക് പോസ്റ്റിന്റെ നടത്തിപ്പ് ചുമതല. രണ്ട് ഹരിതകർമ്മ സേനാംഗങ്ങൾ രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ ഡ്യൂട്ടി ചെയ്യും. ചെക് പോസ്റ്റ് വഴിയെത്തുന്ന സഞ്ചാരികളിലും വാഹനങ്ങളിലും നിരോധിത പ്ലാസ്റ്റിക്കുകളും മറ്റും ഉണ്ടോയെന്ന് പരിശോധിക്കുന്നതിന് ഹരിതകർമ്മ സേനയ്ക്ക് അധികാരമുണ്ടാകും. നിരോധിത സാധനങ്ങൾ കണ്ടെത്തിയാൽ അത് സേന ഏറ്റെടുത്ത് ടൗണിലെ എം.സി.എഫിൽ സമാഹരിക്കും. ഇതിന് ചെറിയ ഫീസും ഈടാക്കും. ഹരിതകർമ്മ സേനാംഗങ്ങൾക്ക് അധിക വരുമാനം എന്ന നിലയിലാകും ഇത് പരിഗണിക്കുക. ചെക് പോസ്റ്റിൽ ഗ്രീൻകൗണ്ടറുകളും ഉടൻ പ്രവർത്തിച്ചു തുടങ്ങും. വട്ടപ്പതാൽ, പുള്ളിക്കാനം, വാഗമൺ(വഴിക്കടവ്), ചെമ്മണ്ണ് എന്നിവിടങ്ങളിലാണ് മറ്റ് നാല് ഹരിത ചെക്‌പോസ്റ്റുകൾ സ്ഥാപിച്ചിട്ടുള്ളത്. ചെക് പോസ്റ്റിന്റെ ഉദ്ഘാടനം ഉച്ചയ്ക്ക് 12ന് ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേന്ദ്രൻ നിർവഹിക്കും. വൈസ് പ്രസിഡന്റ് കണ്ണമ്മ രവീന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷയാകും.