ഇടുക്കി: ലോക്ക്ഡൗൺ മറയാക്കി സി.പി.എമ്മിന്റെ നേതൃത്വത്തിൽ ദേവികുളത്ത് വ്യാപകമായ കൈയേറ്റം നടക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ. കോടതി ഉത്തരവ് ലംഘിച്ചാണ് നിർമ്മാണങ്ങൾ നടത്തുന്നത്. ലോക്ക്ഡൗൺ കാലം മുതലെടുത്ത് സി.പി.എം വൻതോതിൽ അനധികൃത കൈയേറ്റങ്ങൾ നടത്തുകയാണ്. കൈയേറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടും റവന്യൂ ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കാത്തതിൽ സംശയമുണ്ട്. ലൈഫ് മിഷനിൽ വീടു പണിയാനെന്ന വ്യാജേന കൈയേറ്റക്കാരിൽ നിന്ന് പണം വാങ്ങി സർട്ടിഫിക്കറ്റുകൾ അനുവദിക്കുകയാണ്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം വീടുനിർമ്മാണത്തിന് എൻ.ഒ.സി ആവശ്യമാണെനിനിരിക്കെയാണ് റവന്യൂ വകുപ്പ് പണം വാങ്ങി സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നത്. വിവാദമായി മാറിയ എസ്. രാജേന്ദ്രൻ എം.എൽ.എയുടെ വീടിന്റെ രണ്ടാം നിലയുടെ നിർമ്മാണത്തെക്കുറിച്ച് സി.പി.എം ജില്ലാ നേതൃത്വം നിലപാട് വ്യക്തമാക്കണം. ദേവികുളത്തെ റവന്യൂ, തദ്ദേശ സ്വയം ഭരണ, പൊലീസ് മേധാവികളുടെ നിലപാടുകൾ സംശയങ്ങൾക്കിട നൽകുന്നതാണെന്നും അനധികൃത നിർമ്മാണങ്ങൾക്ക് ഒത്താശ നിൽക്കാൻ ഉദ്യോഗസ്ഥരെ ഇഷ്ടസ്ഥാനങ്ങളിൽ നിയമിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.